ധനവകുപ്പ് പണം നൽകുന്നില്ല:ന്യൂനപക്ഷ ഗവേഷക വിദ്യാര്‍ഥികൾക്ക് സ്കോളര്‍ഷിപ്പ് മുടങ്ങി,പഠനം മുടങ്ങുന്ന അവസ്ഥ

By Web Team  |  First Published Dec 22, 2022, 7:27 AM IST

പ്രതിമാസം 23,000 രൂപാ വീതം കിട്ടിക്കൊണ്ടിരുന്ന സ്കോളര്‍ഷിപ്പ് മുടങ്ങിയതോടെ വിദ്യാര്‍ഥികൾക്ക് ഗവേഷണത്തിനായി സ്വന്തം കയ്യിൽ നിന്ന് പണം മുടക്കേണ്ട അവസ്ഥ. കോൺഫറൻസുകളിലും സെമിനാറുകളിലും പങ്കെടുക്കാനുള്ള യാത്രാ ചെലവുമുതൽ ഹോസ്റ്റൽ ഫീസ് ഉൾപ്പെടെയുള്ളവയ്ക്കും പണം കണ്ടെത്തണം



തിരുവനന്തപുരം : ഒരു വര്‍ഷമായി സംസ്ഥാനത്തെ ഇ-ഗ്രാൻഡ്സ് സ്കോളര്‍ഷിപ്പ് വിതരണം മുടങ്ങിയതോടെ പ്രതിസന്ധിയിലായി ന്യൂനപക്ഷ ഗവേഷക വിദ്യാര്‍ഥികൾ. ധനവകുപ്പ് പണം അനുവദിക്കാത്തതിനെത്തുടര്‍ന്നാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ് നൽകുന്ന സ്കോളര്‍ഷിപ്പ് വിതരണം അനിശ്ചിതമായി നീളുന്നത്. 117 കോടി രൂപ ആവശ്യമുള്ളിടത്ത് ആറുകോടി രൂപ മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്

ഒബിസി, ഒഇസി വിഭാഗങ്ങളിലെ ഗവേഷക വിദ്യാര്‍ഥികൾക്ക് എല്ലാവര്‍ഷവും കിട്ടിപ്പോന്നിരുന്ന ഗ്രാൻഡാണ് ധനവകുപ്പ് പണം അനുവദിക്കാത്തതു കാരണം ഒരുവര്‍ഷമായി മുടങ്ങിയിരിക്കുന്നത്. പ്രതിമാസം 23,000 രൂപാ വീതം കിട്ടിക്കൊണ്ടിരുന്ന സ്കോളര്‍ഷിപ്പ് മുടങ്ങിയതോടെ വിദ്യാര്‍ഥികൾക്ക് ഗവേഷണത്തിനായി സ്വന്തം കയ്യിൽ നിന്ന് പണം മുടക്കേണ്ട അവസ്ഥ. കോൺഫറൻസുകളിലും സെമിനാറുകളിലും പങ്കെടുക്കാനുള്ള യാത്രാ ചെലവുമുതൽ ഹോസ്റ്റൽ ഫീസ് ഉൾപ്പെടെയുള്ളവയ്ക്കും പണം കണ്ടെത്തണം. മന്ത്രിമാരുടേയും ന്യൂനപക്ഷക്ഷേമവകുപ്പിന്‍റേയും ഓഫീസുകൾ കയറിയിറങ്ങിയിട്ടും നാളിതരുവരേയായിട്ടും നടപടിയില്ല

Latest Videos

ഇ ഗ്രാൻഡ്സിന്‍റെ വെബ്സൈറ്റ് തകരാറിലായതിനാൽ എസ്.സി/എസ്‍റ്റി ഗവേഷക വിദ്യാര്‍ഥികൾക്കും ആറുമാസമായി ഗ്രാൻഡ് കിട്ടിയിട്ടില്ല. ന്യൂനപക്ഷ ക്ഷേമവകുപ്പിന്‍റെ സ്കോളര്‍ഷിപ്പിന് അപേക്ഷിച്ചതിനാൽ സര്‍വകലാശാലാ സ്കോളര്‍ഷിപ്പായി എല്ലാമാസവും കിട്ടുന്ന 13,000 രൂപയ്ക്ക് അപേക്ഷിക്കാൻ പോലും ആകാത്ത സ്ഥിതി. ആറുകോടി രൂപ ഇടക്കാലത്തേക്ക് ധനവകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ പണം വിദ്യാര്‍ഥികൾക്ക് നൽകുമെന്നുമാണ് ന്യൂനപക്ഷക്ഷേമ വകുപ്പിന്‍റെ മറുപടി. എന്നാൽ ഈ തുകകൊണ്ട് ജനുവരി മുതലുള്ള കുടിശ്ശിക നൽകാനാകുമോയെന്ന ചോദ്യത്തിന് മറുപടിയില്ല

click me!