പിടിച്ചെടുത്ത ലഹരി വസ്തുക്കൾ വിശദ പരിശോധനക്ക് അയച്ചെന്നും കെ എസ് സുദർശൻ അറിയിച്ചു.
കൊച്ചി: ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാതാരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി
കെ എസ് സുദർശൻ. കൂടുതൽ തെളിവുകൾ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുക. കൊച്ചിയിൽ നടന്ന ഡിജെ പാർട്ടിയെക്കുറിച്ചും അന്വേഷിക്കും. പിടിച്ചെടുത്ത ലഹരി വസ്തുക്കൾ വിശദ പരിശോധനക്ക് അയച്ചെന്നും കെ എസ് സുദർശൻ അറിയിച്ചു.
കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് നടി പ്രയാഗ മാര്‍ട്ടിന്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളുള്ളത്. പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയിൽ എത്തിയെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു.
ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ സെവൻ സ്റ്റാർ ഹോട്ടലിൽ നിന്നും ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. ഇവരുടെ ജാമ്യ ഹർജി പരിഗണിക്കവേയാണ് പൊലീസ് കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളുടെ പേരുളളത്. താരങ്ങളെന്തിനെത്തി എന്ന് അറിയാൻ പ്രതികളായ ഷിഹാസിനെയും ഓം പ്രകാശിനെയും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവർക്കും ജാമ്യം ലഭിച്ചു.
എന്നാൽ ലഹരിക്കേസിൽ ഓംപ്രകാശിനെതിരെ ആരോപണങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് അഭിഭാഷകന്റെ പ്രതികരണം. കൊക്കെയ്ൻ ഉണ്ടായിരുന്ന കവർ പിടിച്ചെടുത്തു എന്നാണ് പറയുന്നത്. എന്നാൽ എത്രത്തോളം ലഹരിമരുന്ന് ഉണ്ടായിരുന്നു എന്ന കാര്യം പൊലീസ് പറഞ്ഞിട്ടില്ല. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് പൊലീസ് ചേർത്തിരുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി