എംഎൽഎ സച്ചിൻ ദേവ് ബസിൽ കയറിയെന്നാണ് സാക്ഷി മൊഴി. ബസിലെ യാത്രക്കാരാണ് മൊഴി നൽകിയത്.
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും പങ്കാളിയും എംഎൽഎയുമായ സച്ചിൻ ദേവും കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായി റോഡിൽ നടത്തിയ തർക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് പൊലീസ്. എംഎൽഎ സച്ചിൻ ദേവ് ബസിൽ കയറിയെന്നാണ് സാക്ഷി മൊഴി. ബസിലെ യാത്രക്കാരാണ് മൊഴി നൽകിയത്. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ ആവശ്യപ്പെട്ടുവെന്നും മൊഴിയുണ്ട്. എംഎൽഎ ബസിൽ കയറിയ കാര്യം കണ്ടക്ടർ ബസിന്റെ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. സർവീസ് തടസപ്പെട്ടതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോഴാണ് എംഎൽഎ ബസിൽ കയറിയതും രേഖപ്പടുത്തിയത്. ഈ രേഖ കെഎസ്ആർടിസിയിൽ നിന്നും പൊലീസ് ശേഖരിച്ചു.
അതേ സമയം, മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുളള തർക്കത്തിലെ സംഭവങ്ങൾ പൊലീസ് പുനരാവിഷ്കരിച്ചു. ഡ്രൈവർ യദു ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് നടപടി.
പട്ടം പ്ലാമൂട് മുതൽ പി എം ജി വരെയാണ് ബസും കാറും ഓടിച്ച് പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിൻ്റെ പിൻസീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്നാണ് പൊലീസ് കണ്ടെത്തൽ.
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ജുഡീഷ്യല്‍ ഒന്നാംക്ലാസ് രമജിസ്ട്രേറ്റ് കോടതി 12ലാണ് രഹസ്യമൊഴി നൽകിയത്. രഹസ്യമൊഴി നൽകാനായി മ്യൂസിയം പൊലീസ് മേയർക്ക് നോട്ടീസ് നൽകിയിരുന്നു. യദു അശ്ലീല ആംഗ്യം കാണിച്ചെന്നാണ് മേയറുടെ പരാതി. ആദ്യം കന്‍റോണ്‍മെന്‍റ് പൊലീസ് അന്വേഷിച്ച കേസ് നിലവിൽ മ്യൂസിയം പൊലീസാണ് അന്വേഷിക്കുന്നത്.