ഷിബിലിയുടെയും ഫർഹാനയുടെയും വിവാഹം നടത്താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഷിബിലിയുടെ നാട്ടിലെ മഹല്ല് കമ്മിറ്റി അംഗീകരിക്കാതിരുന്നതിനാൽ വിവാഹം നടന്നില്ലെന്നും നാട്ടുകാർ
മലപ്പുറം: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ ഷിബിലിയെ കുറ്റപ്പെടുത്തി പ്രതി ഫർഹാനയുടെ കുടുംബം. ഫർഹാന കൊലപാതകം ചെയ്യുമെന്ന് കരുതുന്നില്ലെന്നാണ് ഉമ്മ ഫാത്തിമയുടെ പ്രതികരണം. ഫർഹാനയെ വഴിതെറ്റിച്ചത് ഷിബിലിയാണെന്നും ഷിബിലിയുടെ ആവശ്യങ്ങൾക്കാണ് ഫർഹാന മോഷണം നടത്തിയിരുന്നതെന്നും അവർ പറഞ്ഞു. ഫർഹാന പൂർണമായി ഷിബിലിയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും ഉമ്മ പറയുന്നു.
പഠനത്തിൽ മിടുക്കിയായിരുന്നു ഫർഹാനയെന്ന് നാട്ടുകാരും പറഞ്ഞു. നേരത്തെ ഷിബിലിയുടെയും ഫർഹാനയുടെയും വിവാഹം നടത്താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഷിബിലിയുടെ നാട്ടിലെ മഹല്ല് കമ്മിറ്റി അംഗീകരിക്കാതിരുന്നതിനാൽ വിവാഹം നടന്നില്ലെന്നും ചളവറ ഇട്ടേക്കോട് മഹല് കമ്മിറ്റി സെക്രട്ടറി ഹസൻ പറഞ്ഞു. തമിഴ്നാട് സ്വദേശിക്കൊപ്പം ഷിബിലിയുടെ അമ്മ പോയതാണ് മഹല്ല് കമ്മിറ്റി വിവാഹം നിഷേധിക്കാൻ കാരണം. ഷിബിലി പഠിക്കാൻ മിടുക്കിയായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മോഷണക്കുറ്റത്തിന് സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും ഹസൻ പറഞ്ഞു.
സംഭവത്തിൽ മുഖ്യപ്രതികളായ ഷിബിലിയെയും ഫർഹാനയെയും മലപ്പുറത്തെത്തിച്ചു. രാവിലെ മുതൽ ഇവരെ ചോദ്യം ചെയ്യും. എന്നാൽ പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമല്ല സിദ്ധിഖിന്റേതെന്നാണ് പൊലീസ് ഇപ്പോൾ കരുതുന്നത്. എന്നാൽ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും കൊല്ലപ്പെട്ടതോടെ ഇലക്ട്രിക് കട്ടറും ട്രോളി ബാഗും സംഘടിപ്പിച്ച് കൊണ്ടുവന്ന് മൃതദേഹം മാറ്റുകയായിരുന്നു.
ഹോട്ടൽ മുറിയിൽ വെച്ച് ടിവിയുടെ ശബ്ദം കൂട്ടി വെച്ചാണ് കട്ടർ ഉപയോഗിച്ച് സിദ്ധിഖിന്റെ മൃതദേഹം വെട്ടി കഷണങ്ങളാക്കിയത്. ഹോട്ടൽ റിസപ്ഷനോട് ചേർന്നുള്ള നാലാമത്തെ മുറിയായിരുന്നു ഇത്. ടിവിയുടെ ശബ്ദം കേട്ട് റിസപ്ഷനിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് സംശയം തോന്നിയിരുന്നതായും വിവരമുണ്ട്.
കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടൽ വ്യാപാരിയായിരുന്നു കൊല്ലപ്പെട്ട സിദ്ധിഖ്, തിരൂർ സ്വദേശിയുമായിരുന്നു. സിദ്ദിഖിനെ കാണാതായെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി അഞ്ചാം ദിവസമാണ് മൃതദേഹം വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ചതായി കണ്ടെത്തിയത്. അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിനടുത്ത് രണ്ട് പെട്ടികളിലായാണ് മൃതദേഹം കണ്ടെത്തിയത്.