കേരള ചരിത്രത്തിലെ പൊളിച്ചെഴുത്തുകള്‍ ബാക്കി; പ്രമുഖചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍ വിടവാങ്ങി

Published : Apr 26, 2025, 10:19 AM ISTUpdated : Apr 26, 2025, 11:18 AM IST
കേരള ചരിത്രത്തിലെ പൊളിച്ചെഴുത്തുകള്‍ ബാക്കി; പ്രമുഖചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍ വിടവാങ്ങി

Synopsis

പ്രശസ്ത ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു

കോഴിക്കോട്: പ്രശസ്ത ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്‍റെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗത്തിന്‍റെ തലവനായി പ്രവർത്തിച്ചു. പൊന്നാനി സ്വദേശിയാണ്.തന്‍റെ നിലപാടുകള്‍ വെട്ടിതുറന്നു പറയുന്ന എംജിഎസ് കേരളത്തിന്‍റെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നൽകിയ അതുല്യ പ്രതിഭയാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് നാലുമണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

ചേരരാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസ് ആണ് നടത്തിയത്. ഈ പഠനത്തിനുശേഷമാണ് പെരുമാൾ ഓഫ് കേരള എന്ന പുസ്തകം എഴുതിയത്. ചരിത്ര രംഗത്തും കേരളത്തിന്‍റെ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു എംജിഎസ്. ശില താമ്ര ലിഖിതങ്ങൾ കണ്ടെത്തിയായിരുന്നു എംജിഎസിന്‍റെ ഗവേഷണം.കേരള ചരിത്ര ഗവേഷണത്തിൽ മികവ് തെളിയിച്ചു. അന്തർദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ബ്രിട്ടനിലെയും റഷ്യയിലെയും സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി പ്രവർത്തിച്ചിട്ടുണ്ട്.

1932 ഓഗസ്റ്റ് 20ന് പൊന്നാനിയിലായിരുന്നു മുറ്റയില്‍ ഗോവിന്ദ മേനോന്‍ ശങ്കര നാരായണന്‍ എന്ന എംജിഎസിന്‍റെ ജനനം. ധനശാസ്ത്രത്തില്‍ ബിരുദവും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ഒന്നാംറാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. 1954-ല്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ചരിത്രാധ്യാപകനായി. 1964 മുതല്‍ കേരള സര്‍വകലാശാലയുടെ കോഴിക്കോട് കേന്ദ്രത്തിലും 1968 മുതല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും ചരിത്ര വിഭാഗം അധ്യാപകനായി. 1973-ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. നേടി. 1974 മുതല്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് കമ്മിറ്റി അംഗമായി. 

ചരിത്ര വിഭാഗം തലവനായി 1992-ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു വിരമിച്ചു. നിരവധി സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ മെമ്പർ സെക്രട്ടറിയായിരുന്നു. 2004-05 കാലഘട്ടത്തില്‍ കേരള സ്റ്റേറ്റ് ആര്‍ക്കൈവ്സ് സാങ്കേതിക ഉപദേശക സമിതി ചെയര്‍മാനായി. നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ എഡിറ്ററായിരുന്നു. ജാലകങ്ങള്‍ എന്ന പേരില്‍ എം.ജി.എസിന്‍റെ ആത്മകഥ 2018-ല്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ചു. കോഴിക്കോടിന്‍റെ കഥ, കളരിപ്പയറ്റ് നിഘണ്ടു, കവിത കമ്മ്യൂണിസം വര്‍ഗീയത – എംജിഎസിന്‍റെ ചിന്തകള്‍, കേരളചരിത്രത്തിലെ 10 കള്ളക്കഥകള്‍, ചരിത്രം വ്യവഹാരം-കേരളവും ഭാരതവും എന്നിവയാണ് പ്രധാന കൃതികള്‍. ഭാര്യ – പ്രേമലത. മക്കള്‍ - വിജയകുമാര്‍, വിനയാ മനോജ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന സഭാ സമ്മേളനം ജനുവരി 20ന് തുടങ്ങും; ബജറ്റ് 29ന്
മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു