'കൊലച്ചതിക്ക് പിന്നിൽ' ആരാണെന്ന് നോക്കിയിരുന്നപ്പോൾ ഒരു സിസിടിവി ദൃശ്യം കിട്ടിയെങ്കിലും അതിൽ ആളുകളെ തിരിച്ചറിയാൻ സാധിക്കുന്നില്ല.
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ വാഴക്കുല മോഷണം പതിവാകുന്നു. സിസിടിവി ക്യാമറയിൽ കള്ളൻ കുടുങ്ങിയെങ്കിലും ഇതുവരെ ആളാരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കർഷകർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
നട്ടുനനച്ച വാഴ കുലച്ച് മൂപ്പെത്തിയാൽ, കർഷകന് തിന്നാൻ യോഗമില്ലാത്ത അവസ്ഥയാണ് താമരശ്ശേരിയിൽ ഇപ്പോൾ. രാത്രിക്ക് രാത്രി കള്ളനെത്തി വാഴക്കുല ക്കൊണ്ടുപോകും. ആരാണ് ഈ കൊലച്ചതി ചെയ്യുന്നതെന്നു നോക്കിയിരിക്കവെയാണ് ഒരു സിസിടിവി തുണച്ചത്. കഴിഞ്ഞ ദിവസം താമരശ്ശേരി താലൂക്ക് ആശുപത്രി പരിസത്തെ വാഴക്കുല മോഷണം പരിസരത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പക്ഷേ ആളിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നാട്ടുകാരനായ ചന്ദ്രന്റെ തോട്ടത്തിൽ നിന്നാണാണ് മോഷണം.
പരിസര പ്രദേശമായ കോരങ്ങാടും സമാന സ്ഥിതിയാണ്. പാടത്തെ കൃഷിയിടത്തിൽ വരെ കള്ളനെത്തി വാഴക്കുല കൊണ്ടു പോകും. ഇപ്പോൾ വാഴയ്ക്ക് കാവലിരിക്കേണ്ട ഗതികേടിലാണ് ഈ പ്രദേശങ്ങളിലെ കർഷകർ. നേന്ത്രവാഴ തന്നെ വേണമെന്നില്ല ഈ കള്ളന്. ഞാലിപ്പൂവൻ, മൈസൂർ പഴം, റോബസ്റ്റ എന്നിങ്ങനെ എല്ലാം വെട്ടിക്കൊണ്ടുപോകും ഈ കള്ളന്മാർ. വാഴപ്പഴത്തിന് നല്ല വിലയുള്ള കാലമാണ്. ഇവിടെ നിന്ന് മോഷ്ടിക്കുന്ന കുലകളെല്ലാം മറ്റൊരു നാട്ടിൽ കൊണ്ടുപായി വിൽക്കുന്നതാകം രീതിയെന്നാണ് നിഗമനം. ചന്ദ്രൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം