രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങും; കെഎസ്ഇബിയുടെ പേരിൽ വ്യാജ നിയമന തട്ടിപ്പ്, മുന്നറിയിപ്പ്

By Web Team  |  First Published May 25, 2024, 8:07 AM IST

സ്റ്റേറ്റ് ഹോൾഡിംഗ്, ഇലക്ട്രിസിറ്റി കൗൺസിൽ ബോര്‍ഡ് തുടങ്ങിയ പേരുകളുള്ള പേജുകളിലൂടെയാണ് ഇവർ വ്യാജപരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്.


തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന വ്യാജ സംഘങ്ങൾ നവമാധ്യമങ്ങളിൽ സജീവമെന്ന് മുന്നറിയിപ്പ്. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേർ ഈ കെണിയിൽ വീണതായായി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇത്തരക്കാർ വ്യാജപ്രചാരണം നടത്തുന്നത്.

സ്റ്റേറ്റ് ഹോൾഡിംഗ്, ഇലക്ട്രിസിറ്റി കൗൺസിൽ ബോര്‍ഡ് തുടങ്ങിയ പേരുകളുള്ള പേജുകളിലൂടെയാണ് ഇവർ വ്യാജപരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഇവരുടെ നവമാധ്യമ പേജുകളിൽ കെഎസ്ഇബി ലോഗോ ഉപയോഗിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുത്. കെഎസ്ഇബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിര നിയമനം പി എസ് സി വഴിയാണ് നടത്തുന്നത്. താത്കാലിക നിയമനം എംപ്ലോയ്മെന്‍റ് എക്ചേഞ്ച് വഴിയാണെന്നും അധികൃതര്‍ പറഞ്ഞു.

Latest Videos

ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് അതുവഴി വൈദ്യുതി ബിൽ അടച്ചാൽ വലിയ ഇളവുകൾ ലഭിക്കും എന്ന തരത്തിൽ ഒരു വ്യാജ പ്രചാരണവും വാട്സാപ്പിലൂടെ നടന്നുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കളെ വഞ്ചിതരാക്കി പണം തട്ടുക ലക്ഷമിട്ടുള്ള ഇത്തരം വ്യാജപ്രചാരണങ്ങളിൽ കുടുങ്ങരുത് എന്നും കെഎസ്ഇബി അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. 

ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒരു കാരണവശാലും പ്രതികരിക്കരുത്. സംശയങ്ങൾ ദൂരീകരിക്കാൻ കെഎസ്‌ഇബിയുടെ 24/7 ടോൾ ഫ്രീ നമ്പരായ 1912 ൽ വിളിക്കണം. കെഎസ്‌ഇബി ലിമിറ്റഡിന്റെ ഔദ്യോഗിക ഉപഭോക്തൃ സേവന മൊബൈൽ ആപ്ലിക്കേഷനായ കെഎസ്ഇബി വഴി വൈദ്യുതി ബില്ലടയ്ക്കൽ ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ ലഭ്യമാണ്.

പ്രജീഷിന്‍റെ നാട്ടില്‍ ഇപ്പോഴും വന്യമൃഗ ശല്യം രൂക്ഷം; ബസ് സര്‍വീസ് മാത്രം വന്നു, ഉറപ്പെല്ലാം അധികാരികൾ മറന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

tags
click me!