ഒന്നാം വർഷ വിദ്യാർത്ഥിയായ അഥിൻ, ബദ്രുദ്ദീനെയാണ് ആക്രമിച്ചതെന്നും അലൻ ഷുഹൈബ് ഇവരെ പിടിച്ചു വെക്കാൻ എത്തിയതാണെന്നും മുർഷിദ് പറയുന്നു
കണ്ണൂർ: അലൻ ഷുഹൈബിനെതിരായ പരാതി വ്യാജമെന്ന് സുഹൃത്ത് മുർഷിദ്. കഴിഞ്ഞ വർഷം താൻ എസ്എഫ്ഐക്കെതിരെ റാഗിംഗ് പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് ഇപ്പോൾ തീർക്കുന്നതെന്നും മുർഷിദ് ആരോപിച്ചു. അതേസമയം ഒന്നാം വർഷ വിദ്യാർത്ഥിയായ അഥിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അലൻ ഷുഹൈബിനെതിരെ വിദ്യാർത്ഥിയെ മർദ്ദിച്ചതിന് കേസെടുത്തു. അലൻ ക്യാമ്പസിൽ തീവ്ര സ്വഭാവമുള്ള സംഘടനയ്ക്ക് ശ്രമിക്കുന്നതായി എസ്എഫ്ഐ ആരോപിക്കുന്നു.
ഒന്നാം വർഷ വിദ്യാർത്ഥിയായ അഥിൻ, ബദ്രുദ്ദീനെയാണ് ആക്രമിച്ചതെന്നും അലൻ ഷുഹൈബ് ഇവരെ പിടിച്ചു വെക്കാൻ എത്തിയതാണെന്നും മുർഷിദ് പറയുന്നു. അതിനിടെ റാഗിംഗിനിരയായ അഥിൻ സുബിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നിഷാദ്, ബദ്രുദ്ദീൻ, അലൻ ഷുഹൈബ് എന്നിവർക്കെതിരെയാണ് അഥിൻ സുബിയുടെ മൊഴി.
undefined
കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസിൽ ഇന്ന് നടന്ന സംഘർഷങ്ങൾക്ക് പിന്നാലെയാണ് അലൻ ഷുഹൈബിനെതിരായ കേസ്. ഒന്നാം വർഷ വിദ്യാർത്ഥിയായ അഥിനെ അലൻ ഷുഹൈബ് റാഗ് ചെയ്യുകയായിരുന്നെന്നും എസ്എഫ്ഐ ഇത് ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നും യൂണിറ്റ് സെക്രട്ടറി പറഞ്ഞു. പരിക്കേറ്റ അഥിൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ധർമടം പൊലീസ് അലൻ ഷുഹൈബിനെ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്ന് പൊലീസ് പിന്നീട് വിശദീകരിച്ചു.
ഇന്ന് രാവിലെയാണ് ക്യാമ്പസിൽ സംഘർഷം നടന്നത്. രണ്ട് പക്ഷമായി തിരിഞ്ഞ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടക്കുകയായിരുന്നു. പിന്നാലെ ഒന്നാം വർഷ വിദ്യാർത്ഥിയായ അഥിൻ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എസ്എഫ്ഐ ഗുണ്ടകൾ അകാരണമായി മർദ്ദിച്ചുവെന്നായിരുന്നു സംഭവത്തിൽ അലൻ ഷുഹൈബിന്റെ പ്രതികരണം.
അതേസമയം അലൻ ഷുഹൈബ് തീവ്ര സ്വഭാവമുള്ള സംഘടനയുണ്ടാക്കാൻ ശ്രമിക്കുന്നതായി എസ് എഫ് ഐ ജില്ല സെക്രട്ടറി വൈഷ്ണവ് ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താഹ ഫസൽ പാലയാട് ക്യാമ്പസിൽ വന്ന് താമസിച്ചിരുന്നു. പാലയാട് ക്യാമ്പസിലെ വിദ്യാർത്ഥിയല്ലാത്ത താഹ എന്തിനാണ് ക്യാമ്പസിൽ എത്തിയതെന്നും വൈഷ്ണവ് ചോദിക്കുന്നു.