മറയൂർ ശർക്കരക്ക് വ്യാജൻ അതിർത്തി കടന്നെത്തുന്നു, തടയാൻ പരിശോധന വേണമെന്ന് കർഷകർ

By Web Team  |  First Published Jul 20, 2022, 8:31 AM IST

മറയൂരില്‍ ഉദ്പ്പാദിപ്പിക്കുന്ന ശര്‍ക്കര രാജ്യത്ത് ഏറ്റവും അധികം ഗുണനിലവാരമുള്ളതെന്നാണ് കര്‍ഷകര്‍ പറയുന്നത്


തൊടുപുഴ: മറയൂര്‍ ശര്‍ക്കരയെന്ന പേരില്‍ കേരളത്തിലെ വിപണിയിൽ വ്യാജ ശർക്കര ഇറങ്ങുന്നത് കർഷകർക്ക് വെല്ലുവിളിയാകുന്നു. വ്യാജ ശർക്കരയുടെ കേരള വിപണിയിലേക്കുള്ള വരവ് തടയാന്‍ തമിഴ്നാട് അതിർത്തിയിൽ പരിശോധന ശക്തമാക്കണമെന്ന ആവശ്യവുമായി ഇടുക്കിയിലെ കരിമ്പ് കര്‍ഷകര്‍ രംഗത്ത് വന്നു. സ്വന്തമായി ടാഗ് നിര്‍മ്മിച്ച് ശർക്കര വിപണിയിൽ ഇറക്കിയിട്ടും വ്യാജന്‍ കുറയാത്തതോടെയാണ് കര്‍ഷകരുടെ പുതിയ നീക്കം. പരിശോധനക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കണം എന്നാവശ്യപ്പെട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് വിവിധ കരിമ്പ് കര്‍ഷക കൂട്ടായ്മകള്‍.

മറയൂരില്‍ ഉദ്പ്പാദിപ്പിക്കുന്ന ശര്‍ക്കര രാജ്യത്ത് ഏറ്റവും അധികം ഗുണനിലവാരമുള്ളതെന്നാണ് കര്‍ഷകര്‍ പറയുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 2000 അടിയിലും അധികം ഉയരത്തില്‍ നടത്തുന്നതാണ് ഇവിടുത്തെ കരിമ്പ് കൃഷി. സമുദ്ര നിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ അനുകൂല കാലാവസ്ഥയിൽ വളരുന്നതാണ് ഈ കരിമ്പിന്റെ ഗുണനിലവാരം കൂട്ടുന്നത്. മറ്റ് ശർക്കരെയാക്കാൾ കൂടുതല്‍ മധുരം മറയൂര്‍ ശർക്കരക്കുണ്ടെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടതുമാണ്. 

Latest Videos

ഉൽപ്പാദനം കുറവായത് കൊണ്ടുതന്നെ വിപണിയില്‍ മറ്റുള്ളവയെക്കാൾ കൂടുതല്‍ വിലയുണ്ട് മറയൂര്‍ ശർക്കരക്ക്. ഈ വില നേടിയെടുക്കാന്‍ വ്യാജ ശർക്കര തമിഴ്നാട്ടില്‍ നിന്നെത്തുന്നു എന്നാണ് കര്‍ഷകരുടെ ആരോപണം. കർഷകരുടെ കൂട്ടായ്മ പ്രത്യേക ടാഗുകള്‍ നിര്‍മ്മിച്ച് ശര്‍ക്കര വിപണിയിലെത്തിച്ച് ഇതിനെ തടയാൻ ശ്രമിച്ചെങ്കിലും പരിഹാരമായില്ല. ഇപ്പോള്‍ വ്യാജമായി ടാഗുകള്‍ വരെ ഉണ്ടാക്കാൻ തുടങ്ങിയിരിക്കുകയാണ്.

കേരള തമിഴ്നാട് അതിർത്തിയിൽ സർക്കാർ പരിശോധന കൂടുതല്‍ ശക്തമാക്കണമെന്നാണ് കര്‍ഷകര്‍ ഇപ്പോള്‍ ആവശ്യപെടുന്നത്. ഉദ്യോഗസ്ഥരുടെ കുറവാണ് നേരിടുന്ന പ്രതിസന്ധി. ഇത് പരിഹരിക്കണമെന്ന് ആവശ്യപെട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രിയെ നേരിട്ട് കാണാനാണ് കർഷക കൂട്ടായ്മയുടെ തീരുമാനം.

click me!