മഹാരാജാസ് കോളേജിന്‍റെ സീലും പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയായിരുന്നു അധ്യാപന പരിചയത്തിന്‍റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്.
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിനി വ്യാജ രേഖ ചമച്ച് മറ്റൊരു സർക്കാർ കോളേജിൽ താത്കാലിക അധ്യാപികയാകാൻ നടത്തിയ ശ്രമത്തിൽ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. മഹാരാജാസ് കോളേജിന്‍റെ സീലും പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കിയായിരുന്നു അധ്യാപന പരിചയത്തിന്‍റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. സംഭവത്തിന് എസ്എഫ്ഐ സംസ്ഥാന നേതൃത്വവുമായി ബന്ധമുണ്ടെന്നാരോപിച്ച് എറണാകുളം ഡി സി സി രംഗത്തെത്തി.
എറണാകുളം മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിനിയായിരുന്ന കാസർകോഡ് സ്വദേശിനി വിദ്യ കെ വ്യാജരേഖ ചമച്ചെന്നാണ് ആരോപണം. 2018 മുതൽ 2021 വരെ മഹാരാജാസ് കോളേജ് താത്കാലിക അധ്യാപികയായിരുന്നെന്ന വ്യാജ രേഖയാണ് പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയെടുത്ത്. പാലക്കാട് അട്ടപ്പാടി ഗവ. കോളേജിലെ താൽകാലിക അധ്യാപക നിയമനത്തിന് ഈ രേഖ ഹാജരാക്കുകയും ചെയ്തു. സംശയം തോന്നിയ അവിടുത്തെ അധ്യാപകർ മഹാരാജാസ് കോളേജിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് വിദ്യയ്ക്കെതിരെ കേസെടുത്തു. അന്വേഷണം അട്ടപ്പാടി പൊലീസിന് കൈമാറും.
Also Read: പരീക്ഷ എഴുതാത്ത എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പാസായവരുടെ പട്ടികയില്‍; മഹാരാജാസിനെതിരെ ഗുരുതര ആരോപണം
എന്നാൽ, വിദ്യാർത്ഥിനി വ്യാജ രേഖ ചമച്ചതിന് പിന്നിൽ ഒരു എസ് എഫ് ഐ സംസ്ഥാന നേതാവിന് പങ്കുണ്ടെന്നാണ് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് കെ എസ് യു മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്‍റെ ഓഫീസിലേക്ക് മാർച്ച് നടത്തി.