വിഴിഞ്ഞത്ത് അതീവ ജാഗ്രത: കൂടുതൽ പൊലീസിനെ വിന്യസിച്ചു,ഇന്ന് സർവകക്ഷിയോഗം,അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

By Web Team  |  First Published Nov 28, 2022, 6:07 AM IST

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പ്രതിഷേധക്കാരിൽനിന്നും നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹ‍‍ർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടിയെടുക്കേണ്ടി വരുമെന്നും ഹൈക്കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു


 

തിരുവനന്തപുരം:മണിക്കൂറുകൾ നീണ്ട സംഘർഷത്തിന് ശേഷം കനത്ത ജാഗ്രതയിലാണ് വിഴിഞ്ഞം.പൊലീസ് സ്റ്റേഷൻ , സമര പന്തൽ
അടക്കമുളള സ്ഥലങ്ങൾ കനത്ത പൊലീസ് കാവലിലാണ്. മാസങ്ങളായി തുടരുന്ന വിഴിഞ്ഞം സമരത്തില്‍ ഏറ്റവും സംഘര്‍ഷം നിറഞ്ഞ ദിവസമായിരുന്നു ഇന്നലെ. പൊലീസ് സ്റ്റേഷന്‍ വളഞ്ഞ സമരക്കാർ പൊലീസുകാരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകർക്കുകയും ചെയ്തു.
രാത്രി വൈകിയും സമര നേതൃത്വവുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലേക്ക് എത്താൻ ആയിട്ടില്ല.

Latest Videos

അതേസമയം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരുന്നുണ്ട്.ഉച്ചയ്ക്ക് ആണ് യോഗം. മന്ത്രിമാരേയും യോഗത്തിനെത്തിക്കാൻ ശ്രമിക്കുന്നുണ്ട്

കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സമരക്കാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകളും വൈദികരും ഉള്‍പ്പടെ വിഴിഞ്ഞം പൊലീസ്സ്റ്റേഷനിലേക്കെത്തിയത്. സന്ധ്യയോടെ സ്റ്റേഷന്‍ വളഞ്ഞ പ്രവര്‍ത്തകര്‍ നിര്‍ത്തിയിട്ട പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു. പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.പിരിഞ്ഞുപോയവര്‍ വീണ്ടും തിരികെയെത്തി പൊലീസുമായി ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജില്‍ ഒട്ടേറെ സമരക്കാര്‍ക്ക് പരിക്കേറ്റു. പൊലീസുകാരെയും ആക്രമിച്ചു. സംഘര്‍ഷം മണിക്കൂറുകളോളം നീണ്ടുനിന്നു

പരിക്കേറ്റ പൊലീസുകാരെ പുറത്തിറക്കാന്‍ പോലും സമരക്കാര്‍ അനുവദിച്ചില്ല. കൂടുതല്‍ പൊലീസെത്തിയാണ് പ്രതിഷേധക്കാരെ അടിച്ചൊതുക്കിയത്. എഡിജിപിയും കളക്ടറും ഉള്‍പ്പടെസ്ഥലത്തെത്തി.സമരസമതി നേതാവ് ഫാ.യൂജിന്‍ പെരേരയെ ചര്‍ച്ചയ്ക്കായി വിളിപ്പിച്ചു. ആര്‍ച്ച് ബിഷപ്പിനെതിരെ പോലും കേസെടുത്ത പൊലീസ് നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. സമരസ്ഥലത്ത് വന്നുനിന്നാൽ ഗൂഢാലോചനയാകില്ലെന്നായിരുന്നു വാക്കുകള്‍

 

അര്‍ധരാത്രിയോടെ സ്ഥിതിഗതികള്‍നിയന്ത്രണ വിധേയമായതായി പൊലീസ് അറിയിച്ചു.കളക്ടറും എഡിജിപിയും രാത്രി വൈകിയും സമരസമിതി നേതൃത്വവുമായി ചര്‍ച്ച നടത്തി.കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യമെങ്കിലും അവരുടെ അറസ്റ്റ് രാത്രി പൊലീസ് രേഖപ്പെടുത്തി. മുത്തപ്പന്‍ ലിയോണ്‍ പുഷ്പരാജ് ഷാജി എന്നിവരുടെ അറസ്റ്റ് രേഖപ്പടുത്തുകയും സെല്‍റ്റനെ റിമാന്‍ഡും ചെയ്തു.

സമരസമിതിയുടെ ആക്രമണത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ എസ്ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആകെ 36 പൊലീസുകാര്‍ക്കാണ് പരിക്കുപറ്റിയത്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കി. പരിക്കേറ്റ ഉദ്യോഗസ്ഥരെ സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാര്‍ സന്ദര്‍ശിച്ചു. നാല് പൊലീസ് ജീപ്പും രണ്ട് വാനും ഇരുപതോളം ബൈക്കുകളും സ്റ്റേഷനിലെ ഓഫിസ് മുറിയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും രേഖകളുമാണ് പ്രതിഷേധക്കാര്‍ നശിപ്പിച്ചത്. 

വിഴിഞ്ഞത്തെ മത്സ‍്യത്തൊഴിലാളി സമരത്തിൽ പൊലീസിനെതിരെ കെസിബിസിയും രം​ഗത്തെത്തി. ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പിനെയും സഹായ മെത്രാനെയും അടക്കം പ്രതികളാക്കി കേസെടുക്കുന്നതു നീതീകരിക്കാനാവില്ലെന്നു കെസിബിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജനവികാരം മാനിച്ചു പ്രശ്നപരിഹാരത്തിന് ശ്രമങ്ങൾ നടക്കുന്നില്ലെന്നും കെസിബിസി കുറ്റപ്പെടുത്തി. ബിഷപ്പുമാരെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കാൻ പോലീസ് തയാറാകണമെന്നും കെസിബിസി പ്രസിഡന്‍റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു. 

ഇതിനിടെ വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പ്രതിഷേധക്കാരിൽനിന്നും നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹ‍‍ർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കടുത്ത നടപടിയെടുക്കേണ്ടി വരുമെന്നും ഹൈക്കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്ന് കഴിഞ്ഞ തവണ നിര്‍ദേശിച്ച സിംഗിൾ ബെഞ്ച് കർശന നടപടിയിലേക്ക് കടക്കാന്‍ നിര്‍ബന്ധിതമാക്കരുതെന്നും സമരക്കാരോട് പറഞ്ഞിരുന്നു. സമരം കാരണം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെടുത്തുന്നുവെന്നാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ അടിച്ച് തകർത്ത് സമരക്കാർ; ക്രമസമാധാനം ഉറപ്പാക്കാൻ നടപടി, തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം
 

click me!