തൊട്ടു മുമ്പുവരെ ആഹ്ലാദം, ഒന്നായി ചുവടുവെക്കാൻ എത്തിയവര്‍, താളമുയരും മുമ്പൊരു നിമിഷം! വേദനയായി കുസാറ്റ്

By Web Team  |  First Published Nov 26, 2023, 8:36 AM IST

കൊച്ചി: തൊട്ടുമുന്‍പത്തെ നിമിഷം വരെ ആഹ്ലാദത്തോടെ ഒരുമിച്ച് സന്തോഷത്തോടെയിരുന്നവര്‍. സംഗീത നിശയ്ക്കായി ആഹ്ലാദത്തോടെ തയ്യാറെടുത്തവര്‍. ഒന്നായാഘോഷിക്കാൻ. ചുവടുവച്ചാസ്വദിക്കാൻ  ഒഴുകിയെത്തി. പക്ഷേ താളമുയരും മുമ്പ് ഒരു നിമിഷം. തകർന്നു എല്ലാം. കുസാറ്റ് ദുരന്തഭൂമിയായി മാറിയതിൻറെ മരവിപ്പിലാണ് കേരളം. നിയന്ത്രണാതീതമായ തിക്കിലും തിരക്കിലും പെട്ട് പൊലിഞ്ഞത് നാല് ജീവനുകൾ. നാലുപേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

എന്താണ് സംഭവിച്ചത്? 

Latest Videos

undefined

ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കും തിരക്കും കാരണമാണ് വൻ ദുരന്തം ഉണ്ടായത്. ഇന്നലെ വൈകിട്ടാണ് സര്‍വ്വകലാശാല കാന്പസിൽ ടെക് ഫെസ്റ്റിന്‍റെ ഭാഗമായ സംഗീത നിശക്ക് തൊട്ടുമുമ്പുണ്ടായ തിക്കിലും തിരക്കിലും മൂന്ന് വിദ്യാര്‍ത്ഥികളടക്കം നാല് പേര്‍ മരിച്ചത്. അപകടത്തില്‍ 51 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരവുമാണ്. സ്കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടപിച്ച ടെക്ഫെസ്റിന്‍രെ ഭാഗമായി കാമ്പസിനകത്തുള്ള ആംഫി തീയ്യേറ്ററില്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ പങ്കെടുക്കാനെത്തിയവരാണ് അപടകത്തില്‍ പെട്ടത്. 

വൈകിട്ട് ഏഴേകാലോടെയായിരുന്നു ദാരുണ സംഭവം. വിദ്യാര്‍ത്ഥികള്‍ കയറി നിറഞ്ഞ ആംഫീ തീയറ്ററിലേക്ക്,  മഴവന്നപ്പോള്‍  റോഡരികില്‍ നിന്നവര്‍തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതാണ് അപകടകാരണം. തീയറ്ററിലേക്ക് കയറാനും ഇറങ്ങാനും ഒരു ഗേറ്റ് മാത്രമാണുള്ളത്. ഗേറ്റ് കഴിഞ്ഞുള്ളതാകട്ടെ താഴോട്ട് ഇറങ്ങുന്ന പടിക്കെട്ടുകളും. ഇവിടെ നിന്നവര്‍ തിക്കിലും തിരക്കിലും താഴോട്ട് വീണു. തിക്കിൽ തള്ളിയെത്തിയ കൂടുതൽ പേര്‍ അവരുടെ മുകളിലേക്ക് വീണു. ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റൂഫ് , താമരശ്ശേരി സ്വദേശിനി സാറ തോമസ്, കുസാറ്റിലെ വിദ്യാര്‍ത്ഥിയല്ലാത്ത പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്. 4 വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഇവരില്‍ 2 പേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ചെറിയ പരിക്കേറ്റ 32 വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. 15 പേര്‍ കിന്‍ഡര്‍ ആശുപത്രിയിലുണ്ട്. അപകടമുണ്ടായ ഉടന്‍ തന്നെ പരിക്കേറ്റവരെ അതിവേഗം തൊട്ടടുത്തുള്ള മെഡിക്കല്‍ കോളേജില്‍ എത്തിക്കാനായി.

ഇനിയാവർത്തിക്കാതിരിക്കാൻ മുൻകരുതൽ എന്തെല്ലാം?

കുസാറ്റില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള ടെക് ഫെസ്റ്റിന്‍റെ ഭാഗമായുള്ള കലാപരിപാടികളില്‍ പങ്കെടുക്കാന്‍ കാമ്പസിനു പുറത്തു നിന്നും ധാരാളം ആളുകള്‍ എത്താറുണ്ട്. ബോളിവുഡ് ഗായികയുടെ ഷോക്ക് വലിയ ജനക്കൂട്ടമുണ്ടാകുമെന്ന മുന്‍ കൂട്ടി കണ്ട് ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ വീഴ്ച വന്നുവെന്നാണ് പ്രാഥമിക നിഗമനം. കാമ്പസിലെ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ക്ക് സാധാരണയുള്ള പൊലീസ് സാന്നിധ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. കയറാനും ഇറങ്ങാനും ഒറ്റ കവാടം മാത്രമുള്ള ആംഫി തീയ്യേറ്ററിനു പുറത്തുണ്ടായ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ പോയതും പെട്ടനുണ്ടായ മഴയുമാണ് അപകടത്തിലേക്ക് നയിച്ചത്. ഇത്രയും വലിയ ജനക്കൂട്ടം ഒഴുകിയെത്തുമെന്ന് ഉറപ്പുള്ള പരിപാടിയുടെ സംഘാടനത്തിലും ക്രമീകരണത്തിലും പാളിച്ചകളുണ്ടെന്ന് പ്രഥമദൃഷ്ടിയിൽ തന്നെ വ്യക്തമാണ്.  

അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് കളമശ്ശേരി പോലീസ് അന്വേഷണം തുടങ്ങി. അപകടമുണ്ടായ ആംഫി തീയ്യേറ്റര്‍ പൊലീസ് ബന്തവസ്സിലാക്കി. പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ അടക്കം മൊഴികള്‍ ഇന്ന് രേഖപ്പെടുത്തും. അപകടമുണ്ടായതിനു തൊട്ടു മുമ്പുള്ള മൊബൈല്‍ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം രാവിലെ 7 മണി മുതല്‍ നടക്കും. 9 മണിയോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

click me!