'അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കണം; അംഗീകാരമുള്ളവർക്ക് ഇനി കച്ചവടം നടത്താം' -ഹൈക്കോടതി

കൊച്ചി നഗരസഭ പരിധിയിൽ വഴിയോര കച്ചവടം നടത്തുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ നിർബന്ധമാക്കി കേരള ഹൈക്കോടതിയുടെ ഉത്തരവ്. അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു


തിരുവനന്തപുരം: കൊച്ചി നഗരസഭ പരിധിയിൽ വഴിയോര കച്ചവടം നടത്തുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ നിർബന്ധമാക്കി കേരള ഹൈക്കോടതിയുടെ ഉത്തരവ്. അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ഇത് സംബന്ധിച്ച് സ്ട്രീറ്റ് വെൻഡിങ് പ്ലാൻ രൂപീകരിച്ചതിന് ശേഷമാണ് കോടതി ഉത്തരവിറക്കിയത്. അനധികൃതമായി കച്ചവടം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പിയാർ പറഞ്ഞു. നിലവിൽ വഴിയോര കച്ചവടം അനുവദനീയമല്ലാത്ത മേഖലകളിൽ, പ്രവർത്തിക്കുന്ന അംഗീകൃത വഴിയോര കച്ചവടക്കാരെ, മൂന്ന് മാസത്തിനുള്ളിൽ അനുവദനീയമായ മേഖലയിലേക്ക് മാറ്റണമെന്ന് നഗരസഭക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. 2014ലെ വഴിയോര കച്ചവട നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. 

കോർപറേഷന്റെ പട്ടികയിൽ പേരുള്ളവർ, കച്ചവടം നടത്താൻ അനുവദിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, എന്നിവ ഉള്ളവർക്കാണ് ഇനി മുതൽ വഴിയോരങ്ങളിൽ കച്ചവടം നടത്താൻ അനുവാദം ഉള്ളത്. തീർപ്പു കൽപ്പിക്കാത്ത അപേക്ഷകൾ ഇനി വരുന്ന അപേക്ഷകൾ എന്നിവ പരിഗണിക്കുമ്പോൾ   നിയമപ്രകാരവും, വെൻഡിങ് പ്ലാനിനും അനുസരിച്ച് ആയിരിക്കണം നഗരസഭ നടപടിക്രമങ്ങൾ സ്വീകരിക്കേണ്ടത്. ഇക്കാര്യത്തിൽ നഗരസഭക്ക് സ്വന്തമായി കാര്യനിർവഹണ സംവിധാനങ്ങൾ വരുന്നത് വരെ കോടതി നിയമിച്ചിട്ടുള്ള മോണിറ്ററിങ് കമ്മിറ്റി, ജാഗ്രത സമിതി എന്നിവ 6 മാസത്തേക്ക് പ്രവർത്തിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. 
 
വഴിയോര കച്ചവട നിയമ പ്രകാരം പ്രവർത്തനങ്ങൾ നടത്തിക്കുവാനും അനധികൃതമായ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനുമാണ് ഹൈക്കോടതി ഉത്തരവ് ഇറക്കിയത്. ഇത് സംബന്ധിച്ച് കോടതിക്ക് നിരന്തരമായി പരാതികൾ ലഭിച്ചിരുന്നു. അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുവാനും, കച്ചവടം നടത്താൻ അനുവദനീയവും അല്ലാത്തതുമായ മേഖലകൾ ഏതൊക്കെയെന്ന് തരംതിരിക്കാനും  2020ൽ കൊച്ചി നഗരസഭക്ക് നിർദ്ദേശം നൽകിയിരുന്നു, എന്നാൽ കോവിഡ് കാരണം ഇത് നടപ്പിലാക്കാൻ വൈകി. അനധികൃത വഴിയോര കച്ചവടക്കാർ അനിയന്ത്രിതമായി കൂടുന്നതിലൂടെ സുരക്ഷിതത്വം, വൃത്തിയില്ലായ്മയും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നിരന്തരമായി പരാതികൾ ഉന്നയിച്ചിരുന്നു. കൊച്ചിയിലെ വഴിയോര കച്ചവടങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞ 5 വർഷമായി ഹൈക്കോടതി ഇടക്കാല ഉത്തരവുകൾ ഇറക്കുന്നുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഇതിന് വ്യക്തമായ പദ്ധതി ഉണ്ടായത്.

Latest Videos

ഹേമ കമ്മിറ്റി റിപ്പോർട്ട്: പൊലീസ് അന്വേഷണം തടയാനാകില്ല, ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

 

click me!