നോബിക്ക് ജാമ്യം കൊടുത്താൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നാണ് പൊലീസ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരിക്കുന്നത്. പൊലീസ് കോട്ടയം ജില്ലാ സെഷൻസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം കൊടുക്കരുതെന്ന് പൊലീസ്. നോബിക്ക് ജാമ്യം കൊടുത്താൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നാണ് പൊലീസ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരിക്കുന്നത്. പൊലീസ് കോട്ടയം ജില്ലാ സെഷൻസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
വിദേശത്ത് ജോലി ചെയ്യുന്ന പ്രതി ജാമ്യം കിട്ടിയാൽ വിദേശത്ത് ഒളിവിൽ പോകുമെന്നും തിരികെ വരാൻ സാധ്യതയില്ലെന്നുമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്തും പതിനൊന്നും വയസ്സുള്ള രണ്ട് പെൺമക്കളുടെ മരണത്തിന് കാരണക്കാരനാണ് പ്രതി. പണവും സ്വാധീനവും ഉള്ളതിനാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായതിനാൽ ജാമ്യം നൽകിയാൽ ജനങ്ങൾക്ക് നിയമവ്യവസ്ഥയിൽ നിരാശ ഉണ്ടാകും. സ്വന്തം മക്കളുടെ കാര്യങ്ങൾ പോലും നടത്താത്ത ക്രൂരമനസ്സുള്ള ആളാണ് പ്രതിയെന്നും പ്രതിക്ക് ജാമ്യം നിഷേധിച്ചാൽ സമൂഹത്തിൽ മറ്റ് നോബിമാർക്ക് പാഠമാകുമെന്നും പൊലീസ് റിപ്പോർട്ടില്‍ പറയുന്നു.
ഫെബ്രുവരി 28 ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപം പാറോലിക്കൽ വെച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നിൽ ചാടി മരിച്ചത്. കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് മൂവരും മരിച്ചത്. ഏറ്റുമാനൂർ സ്റ്റേഷന് മുമ്പുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായിരുന്നു സംഭവം. പള്ളിയിൽ പോകുന്നെന്ന് പറഞ്ഞാണ് ഷൈനി മക്കളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. 9 മാസമായി ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. ഏറ്റുമാനൂർ കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയാണ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യ. കുടുംബപരമായ പ്രശ്നങ്ങളും, ബിഎസ്സി നേഴ്സ് ആയിട്ടും ജോലി കിട്ടാത്തതിന്റെ വിഷമങ്ങളും ഷൈനിക്ക് ഉണ്ടായിരുന്നു. മരിച്ച അലീനയ്ക്ക് 11 വയസ്സും വിമാനയ്ക്ക് 10 വയസുമായിരുന്നു പ്രായം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)