ആത്മകഥ വിവാദം; ഡി സി ബുക്സിന് വക്കീൽ നോട്ടീസ് അയച്ച് ഇപി ജയരാജന്‍, മാപ്പ് പറയണമെന്ന് ആവശ്യം

By Web Team  |  First Published Nov 13, 2024, 7:47 PM IST

ഡി സി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങൾ പിൻവലിക്കണമെന്നും ഡിസി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ഇ പി ജയരാജന്‍ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.


തിരുവനന്തപുരം: മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗവുമായ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡി സി ബുക്സിന് വക്കീൽ നോട്ടീസ്. ഡി സി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങൾ പിൻവലിക്കണമെന്നും ഡിസി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ഇ പി ജയരാജന്‍ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ആത്മകഥ പ്രസിദ്ധീകരിച്ചത് തന്നെ തേജോവധം ചെയ്യാന്‍ വേണ്ടിയാണെന്നാണ് ഇപി ആരോപിക്കുന്നത്. പുറത്ത് വന്നത് താന്‍ എഴുതിയതല്ലെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. അഡ്വ കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

ആത്മകഥാ വിവാ​ദത്തിൽ ഇപി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിട്ടുമുണ്ട്. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും പരാതിയിൽ പറയുന്നു. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നൽകിയ പരാതിയിൽ‌ പറയുന്നു. തെരെഞ്ഞെടുപ്പ് ദിവസം വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. 

Latest Videos

അതേസമയം, ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സർക്കാറിനെയും വെട്ടിലാക്കിയിരിക്കുകയാണ്. ‌എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമർശനം. രണ്ടാം പിണറായി സർക്കാർ ദുർബ്ബലമാണെന്നാണ് അടുത്ത വിമർശനം. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ട്. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങൾ തൻറേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഇപി വ്യക്തമാക്കുന്നു. എന്നാൽ ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്സ് മാധ്യമങ്ങളിൽ വന്ന ഉള്ളടക്കം നിഷേധിച്ചില്ല.

click me!