വയനാട് - ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്ട്രീയ ബോംബായി ഇ പിയുടെ ആത്മകഥാ ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്
കണ്ണൂർ: 'ആത്മകഥ' ചോർന്നതുമായി ബന്ധപ്പെട്ട കേസിലെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും ശരിവച്ചു. നേരത്തെ താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അന്വേഷണത്തിലും തെളിഞ്ഞതെന്നാണ് ഇ പി പറഞ്ഞത്. ആത്മകഥ ചോർന്നത് ഡി സി ബുക്സിൽ നിന്ന് തന്നെയാണ്. എന്ത് അഹന്തയും ധിക്കാരവുമാണതെന്നും ഇ പി ചോദിച്ചു. വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നത്. സത്യസന്ധമായ കാര്യങ്ങളാണ് പൊലീസ് അന്വേഷണത്തിൽ പുറത്തുവന്നത്. ആത്മകഥ ഡി സി ബുക്സിൽ നിന്ന് എങ്ങനെയാണ് ചോർന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായിട്ടുണ്ടെന്നും ഇ പി വിവരിച്ചു. റിപ്പോർട്ട് പുറത്തുവരുമ്പോൾ ഇക്കാര്യത്തിലെല്ലാം വ്യക്തത കൈവരുമെന്നും ഇ പി ജയരാജൻ വിശദീകരിച്ചു.
undefined
അതേസമയം ഇ പി ജയരാജന്‍റെ ആത്മകഥ ചോർന്നത് ഡി സി ബുക്സിൽ നിന്നാണെന്നാണ് പൊലിസ് കണ്ടെത്തിയത്. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ ഇ പിയും ഡി സിയും തമ്മിൽ രേഖാമൂലം ധാരണപത്രം ഇല്ലെന്നാണ് കോട്ടയം എസ് പിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ചോർച്ച സ്ഥിരീകരിക്കുമ്പോഴും ആത്മകഥ എങ്ങനെ ഡി സിയിലെത്തി, എന്തിന് ചോർത്തി എന്നീ ചോദ്യങ്ങൾക്ക് പൊലീസ് റിപ്പോർട്ടിൽ വ്യക്തതയില്ല.
വിശദവിവരങ്ങൾ ഇങ്ങനെ
വയനാട് - ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്ട്രീയ ബോംബായി ഇ പിയുടെ ആത്മകഥാ ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇത് തന്‍റെ ആത്മകഥയല്ലെന്ന് ഇ പി പരസ്യ നിലപാടെടുത്തതോടെ വിവാദം മുറുകി. ഇ പിയുടെ പരാതിയിൽ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന കണ്ടെത്തൽ. ഡി സി ബുക്സിന്‍റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ വി ശ്രീകുമാർ ആത്മകഥാഭാഗങ്ങൾ ചോർത്തിയെന്നാണ് ഡി ജി പിക്ക് നൽകിയ പൊലീസ് റിപ്പോർട്ട്. ഇ പി ജയരാജനും ഡി സി ബുക്സും തമ്മിൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ രേഖാമൂലമുള്ള കരാർ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു. ചോർന്നത് ഡി സിയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തുമ്പോഴും ഈ കഥാഭാഗങ്ങൾ എങ്ങനെ ഡിസിയിലെത്തി എന്നതിൽ ഇപ്പോഴും സംശയങ്ങൾ ബാക്കി. കരാറില്ലാതെ ഇ പിയുമായി വാക്കാലുള്ള ധാരണയുടെ പുറത്ത് ആത്മകഥ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചെന്നായിരുന്നു ഡി സി ബുക്സ് വിവാദ സമയത്ത് അനൗദ്യോഗികമായി പറഞ്ഞിരുന്നത്. ആ വാദം ശരിവെക്കും വിധമാണ് പൊലീസ് കണ്ടെത്തൽ. ചോർന്നുവെന്ന് പറയുമ്പോഴും തുടർ നടപടിയിൽ കോട്ടയം എസ് പിയുടെ റിപ്പോർട്ടിൽ വ്യക്തതയില്ല. നിലവിൽ പകർപ്പവകാശ ലംഘനമെന്ന നിലക്ക് സിവിൽ കേസായാണ് പൊലീസ് കണക്കിലെടുക്കുന്നത്. ഗൂഢാലോചനയുുണ്ടെന്നായിരുന്നു ഇ പിയുടെ നിലപാട്. പക്ഷെ ഗൂഢാലോചനയിലടക്കം കേസെടുക്കണമെങ്കിൽ പരാതിക്കാരനായ ഇ പി കോടതിയെ സമീപിക്കണമെന്നാണ് പൊലീസ് നിലപാട്. ആദ്യം അന്വേഷണ റിപ്പോർട്ടിൽ പൂർണ്ണതയുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് വീണ്ടും അന്വേഷിക്കാൻ ഡി ജി പി ആവശ്യപ്പെട്ടിരുന്നത്. ഡി ജി പിയാണ് റിപ്പോർട്ടിൽ തുടർനടപടി എടുക്കേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം