കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം. കറുത്ത ഷർട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത് എന്നും ഇ പി ജയരാജൻ ചോദിച്ചു.
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരിൽ പൊതുജനങ്ങളെ കറുത്ത മാസ്ക് ധരിക്കുന്നതിൽ നിന്ന് വിലക്കിയതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം. കറുത്ത ഷർട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത് എന്നും ഇ പി ജയരാജൻ ചോദിച്ചു.
കൊച്ചിയിൽ കറുത്ത വസ്ത്രം ധരിച്ചതിന് ട്രാൻസ്ജെന്റർ വ്യക്തികളെ കസ്റ്റഡിയിലെടുത്ത നടപടിയെയും ജയരാജൻ ന്യായീകരിച്ചു. അവർ പാവങ്ങളാണ്, അവരെ കൊണ്ടുവന്നത് ബിജെപിക്കാരാണ്. ട്രാൻസ്ജന്ററുകളോട് ആർഎസ്എസ് കാണിക്കുകയാണ്. അന്താരാഷ്ട്ര കുറ്റവാളികളെ സംരക്ഷിക്കുന്ന സ്ഥാപനമാണ് എച്ച്ആർഡിഎസ്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ എൽഡിഎഫ് ആയിരുന്നു പ്രതിപക്ഷം. എൽഡിഎഫ് അക്രമം കാണിക്കില്ല. അക്രമമാണോ ജനാധിപത്യമെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു.
Read Also: 'കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോൾ കറുപ്പ്'; 'കറുപ്പ്' നിരോധനത്തെ ട്രോളി ജോയ് മാത്യൂ
പൊതുജനങ്ങളെ വലച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാക്രമീകരണങ്ങൾ തുടരുകയാണ്. മലപ്പുറത്തെത്തുന്ന മുഖ്യമന്ത്രി വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെത്തുന്ന കുറ്റിപ്പുറം കെടിഡിസി ഹോട്ടലിന് ചുറ്റും കനത്ത നിയന്ത്രണം ഏർപ്പെടുത്തി. സമീപത്തെ ഹോട്ടലുകൾ അടപ്പിച്ചു. പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് കാവലാണ് സ്ഥലത്ത് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി കുറ്റിപ്പുറം- പൊന്നാനി റോഡും അടച്ചു. പൊതുജനങ്ങൾ ബദൽ റോഡിലൂടെ കടന്ന് പോകണമെന്നാണ് നിർദ്ദേശം.
അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരിൽ മലപ്പുറത്തും പൊതുജനങ്ങൾ ധരിച്ച കറുത്ത മാസ്ക്കുകൾ അഴിപ്പിച്ചു. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്ക്ക് പൊലീസ് ഉദ്യോഗസ്ഥർ അഴിപ്പിച്ചത്. പകരം മറ്റ് നിറങ്ങളിലുള്ള മാസ്ക്കുകൾ പൊലീസ് നൽകുന്നുണ്ട്. ഒരു വയോധികന്റെ കറുത്ത മാസ്ക്ക് ഊരി വാങ്ങി പൊലീസ് പകരം മഞ്ഞ മാസ്ക്ക് ധരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സുരക്ഷ പരിശോധനയുടെ ദൃശ്യങ്ങൾ എടുക്കരുതെന്നും പൊലീസ് നിർദ്ദേശിച്ചു. മാസ്ക് മാറ്റിയ നടപടിക്ക് എതിരെ കളക്ടർക്ക് പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
അതേ സമയം, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് മുന്നിൽ കണ്ട് കുന്നംകുളത്തും ചങ്ങരംകുളത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. മലപ്പുറം ചങ്ങരംകുളത്ത് 5 യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് കരുതൽ തടങ്കലിലാക്കിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്ന കുന്നംകുളത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നാല് പേരെയാണ് കരുതൽ തടങ്കലിലാക്കിയത്. യൂത്ത് കോൺഗ്രസ് ജില്ലാ എക്സിക്യൂട്ടീവ് അംഗം എ എം നിധിഷ്, കടങ്ങോട് മണ്ഡലം പ്രസിഡണ്ട് അസ് ലം, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രഞ്ചിൽ, വിഗ്നേശ്വര പ്രസാദ് എന്നിവരെ ഇന്ന് രാവിലെ വീടുകളിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് ഈ അസാധാരണ സുരക്ഷ.
രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാര്‍
മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എസ് പി നേരിട്ട് സുരക്ഷക്ക് മേൽനോട്ടം വഹിക്കും. മുഴുവൻ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാർക്കാണ് ചുമതല നൽകിയിട്ടുള്ളത്. പൊന്നാനി കുറ്റിപ്പുറം റോഡ് 9 മണിക്ക് ശേഷം അടക്കും. പൊതുജനങ്ങൾ ബദൽ റോഡ് ഉപയോഗിക്കാൻ നിർദേശം. അതിനിടെ തവനൂരിൽ പൊതുജനങ്ങളുടെ കറുത്ത മാസ്ക് കഴിപ്പിച്ചു. അതേ സമയം വേദിക്ക് പുറത്ത് പ്രതിഷേധിക്കാനാണ് യൂത്ത് കോൺഗ്രസ് യൂത്തു ലീഗ് പ്രവർത്തകരുടെ തീരുമാനം.