പ്രഖ്യാപനം നടപ്പാക്കി ഇപി ജയരാജൻ, ടിക്കറ്റ് ഉണ്ടായിട്ടും ഇൻഡിഗോയിൽ യാത്ര ചെയ്തില്ല, ട്രെയിനിൽ കണ്ണൂരിലേക്ക്

By Web Team  |  First Published Jul 18, 2022, 4:46 PM IST

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസുകാരെ പിടിച്ചു തള്ളിയതിന് ഇ പി ക്ക് മൂന്നാഴ്ചത്തെ യാത്രാവിലക്ക് കമ്പനി ഏർപ്പെടുത്തിയിരുന്നു


തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ ഇനി യാത്രചെയ്യില്ലെന്ന പ്രഖ്യാപനം എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ആദ്യ ദിനം തന്നെ നടപ്പാക്കി. കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് കയ്യിലുണ്ടായിട്ടും ഇ പി ജയരാജൻ ട്രെയിനിലാക്കി യാത്ര. ഇന്ന് രാവിലെയാണ് ഇൻഡിഗോ വിമാനത്തിൽ കണ്ണൂരിലേക്ക് പോകാൻ ഇ പി ടിക്കറ്റ് എടുത്തത്. ഇതിനു പിന്നാലെയാണ് വിവാദം തലപൊക്കിയതും ഇനി  ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന് ഇ പി പ്രഖ്യാപിച്ചതും. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസുകാരെ പിടിച്ചു തള്ളിയതിന് ഇ പി ക്ക് മൂന്നാഴ്ചത്തെ യാത്രാവിലക്ക് കമ്പനി ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നടന്നുപോയാലും ഇനി ഇൻഡിഗോയിൽ യാത്രചെയ്യില്ലെന്ന് ജയരാജൻ പ്രഖ്യാപിക്കുകയായിരുന്നു.

'നടന്ന് പോയാലും ഇനി ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ല'; നിലവാരമില്ലാത്ത കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്ന് ഇ പി

Latest Videos

ഏവിയേഷൻ നിയമത്തിന് വിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനി എടുത്തതെന്നും ഇ പി ജയരാജൻ വിമര്‍ശിച്ചിരുന്നു. നിലവാരമില്ലാത്ത കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നും ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്നും അദ്ദേഹം രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. ഇന്‍ഡിഗോ വിമാനത്തിൽ മൂന്നാഴ്ച വിലക്ക് ഏർപ്പെടുത്തിയെന്ന വാര്‍ത്ത ശരിയാണെന്നും ഇ പി ജയരാജൻ സ്വീരീകരിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ കമ്പനിയിൽ നിന്ന് ഓൺലൈൻ ഡിസ്കഷന് വിളിച്ചിരുന്നു. 12 ന് വിശദീകരണം നേരിട്ട് നൽകാൻ ബുദ്ധിമുട്ട് ഉണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും കമ്പനിയെ അറിയിച്ചിരുന്നു. അതിന് ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്നും ഇ പി പറഞ്ഞു. ക്രിമിനലുകളെ തടയാൻ ഒരു നടപടിയും വിമാനകമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. അവര്‍ക്ക് ടിക്കറ്റ് നിഷേധിക്കണമായിരുന്നു. ഇത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

'ഇനി ചാർട്ടേഡ് വിമാനത്തിലാകുമോ യാത്ര'? ഇ.പി.ജയരാജനെ പരിഹസിച്ച് കെ.സുധാകരൻ

നിലവാരമില്ലാത്ത കമ്പനിയായി ഇനി ഒരു ബന്ധവും ഇല്ല. മാന്യൻമാരായ വിമാനക്കമ്പനി വേറെയും ഉണ്ട്. നടന്ന് പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. കൂട്ട് കച്ചവടവും ഗൂഢാലോചനയുമാണ് സംഭവത്തിന് പിന്നിൽ ഉണ്ടായത്. അത് ഓരോന്നായി പുറത്ത് വരികയാണെന്ന് പറഞ്ഞ ഇപി, കെ എസ് ശബരിനാഥനെക്കെതിരായ നടപടി അതിന്‍റെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്‍ഡിഗോ ഓഫീസിലേക്ക് നോട്ടീസ് വന്നതായി മാത്രമാണ് വിവരം, അല്ലാതെ നേരിട്ട് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഇ പി ജയരാജന് ഇൻഡിഗോ വിമാനക്കമ്പനി മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇൻഡിഗോ വിമാനത്തിൽ മാത്രമാണ് മൂന്ന് പേര്‍ക്കും യാത്രാ വിലക്ക്. 

click me!