ഇ പി ജയരാജന്റെ ആത്മകഥ വിവാദം; ഡി സി ബുക്സ് മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവിക്കെതിരെ കേസ്

By Web Desk  |  First Published Dec 31, 2024, 7:43 PM IST

ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.


തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡി സി ബുക്സിന്‍റെ മുൻ പബ്ലിക്കേഷൻ മേധാവിക്കെതിരെ പൊലീസ് കേസെടുത്തു. ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 316, 318 വകുപ്പുകൾ, ഐ ടി ആക്ട് 79 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. 

 ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥ ചേർന്നത് ഡിസി ബുക്കിൽ നിന്ന് തന്നെയെന്ന പൊലീസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ ഗൂഡാലോചന അന്വേഷിക്കാനാകില്ലെന്നും ഇപി പുതിയ പരാതി നൽകിയാൽ അന്വേഷിക്കുമെന്നുമാണ് കോട്ടയം എസ് പിയുടെ റിപ്പോർട്ട്. ഡിസിയിലെ പ്രസിദ്ധീകരണ വിഭാഗം മേധാവി എ വി ശ്രീകുമാര്‍ ആത്മകഥ ചോര്‍ത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.  പക്ഷെ ഇപിയുടെ ആത്മകഥാ ഭാഗം ഇപി അറിയാതെ എങ്ങിനെ ഡിസിയിലെത്തി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ആത്മകഥാ വിവാദത്തിൽ ഗൂഡാലോചനയുണ്ടെന്നാണ് തുടക്കം മുതൽ ഇപി ജയരാജൻ്റെ വാദം. പക്ഷെ വിശ്വാസ വഞ്ചനയോ ഗൂഢാലോചനയോ അന്വേഷിക്കണമെങ്കിൽ ഇപി വീണ്ടും പരാതി നൽകണമെന്നാണ് കോട്ടയം എസ് പിയുടെ റിപ്പോർട്ട്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇപിക്ക് കോടതിയേയും സമീപിക്കാമെന്ന് എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു.

Latest Videos

Also Read: 'ആത്മകഥ ചോർത്തിയത് ശ്രീകുമാർ, എഫ്ഐആർ ഇങ്ങനെ'; പക്ഷേ കേസെടുക്കണമെങ്കിൽ ഇപി പുതിയ പരാതി നൽകണമെന്ന് പൊലീസ്

ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്ന ആത്മകഥാ വിവാദം സിപിഎമ്മിനെയും സർക്കാറിനെയും വെട്ടിലാക്കിയിരുന്നു. ‌എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമർശനം. രണ്ടാം പിണറായി സർക്കാർ ദുർബ്ബലമാണെന്നാണ് അടുത്ത വിമർശനം. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ടായിരുന്നു. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങൾ തൻ്റേതല്ലെന്നായിരുന്നു ജയരാജന്‍റെ പ്രതികരണം. ആത്മകഥാ ഭാഗം പോളിംഗ് ദിനത്തിൽ തന്നെ പുറത്ത് വന്നത് തന്നെ കുടുക്കാനാണോ എന്നും ഇ പി ജയരാജൻ സംശയമുന്നയിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!