എഡിജിപി എം ആർ അജിത് കുമാറിനെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും

By Web Team  |  First Published Oct 5, 2024, 1:41 AM IST

ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് എഡിജിപി നൽകിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഡിജിപി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.


തിരുവനന്തപുരം : എഡിജിപി എം ആർ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സംസ്ഥാന സർക്കാരിന് നൽകും. എഡിജിപിക്കെതിരായ പരാതികളിൽ ഡിജിപിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം സർക്കാറിന് സമർപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും എന്നാൽ റിപ്പോർട്ട് അന്തിമമാക്കാൻ സമയം എടുത്തതാണ് വൈകാൻ കാരണമെന്നായിരുന്നു ഒടുവിൽ ലഭിച്ച വിവരം. ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് എഡിജിപി നൽകിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഡിജിപി അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

എഡിജിപി എംആർ അജിത് കുമാർ രണ്ട് ഉന്നത ആർഎസ് എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്. എന്നാൽ മാമി തിരോധാനമടക്കം അൻവർ ഉന്നയിച്ച കേസുകളിൽ അജിതിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തൽ റിപ്പോർട്ടിലുണ്ടാകില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ ഉപസമിതിയോഗത്തിലും അജിത്തിനെ മാറ്റാതെ പറ്റില്ലെന്ന നിലപാടാണ് ഘടകക്ഷിയായ സിപിഐ സ്വീകരിച്ചത്. വിവാദ നായകൻ എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടി വൈകുന്നത് പ്രതിച്ഛായയെ ബാധിക്കില്ലേയെന്നും നേരത്തെ തന്നെ നടപടി എടുക്കണമായിരുന്നുവെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലും അഭിപ്രായമുണ്ടായി.

Latest Videos

എഡിജിപിക്ക് വീഴ്ചയുണ്ടെന്നാണ് വിലയിരുത്തലെന്നും എന്നാൽ നടപടിയെടുക്കുന്നത് ഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകാമെന്നാണ് പ്രഖ്യാപിത നിലപാടെന്നും നേതൃത്വം അറിയിച്ചു. സമ്മർദ്ദത്തിന് വഴങ്ങി മാറ്റിയെന്ന തോന്നലുണ്ടാക്കുന്നത് ഗുണം ചെയ്യില്ലെന്നും നേതൃത്വം നിലപാടെടുത്തു. ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് കയ്യിൽ കിട്ടട്ടെ,  അതുവരെ കാത്തിരിക്കാമെന്നാണ് എംവി ഗോവിന്ദൻ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചത്.  ഇതിനൊക്കെ ഒടുവിലാണ് ഇന്ന് ഡിജിപിയുടെ അന്തിമ റിപ്പോർട്ട് സർക്കാറിലേക്ക് എത്താൻ പോകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!