തോരാതെ മഴ, തീരാതെ ദുരിതം; സംസ്ഥാനത്ത് കനത്ത മഴ, തലസ്ഥാനം വെള്ളത്തിൽ മുങ്ങി, കളമശേരിയിൽ ആളുകളെ ഒഴുപ്പിക്കുന്നു

By Web Team  |  First Published May 29, 2024, 7:21 PM IST

വെള്ളപൊക്കഭീതിയെ തുടര്‍ന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ തിരുമൂലപുരം, കവിയൂർ എന്നിവിടങ്ങളിൽ ഓരോ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.ആലപ്പുഴ ഹരിപ്പാട് മുട്ടത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. തൃശൂരില്‍ അശ്വിനി ആശുപത്രിയില്‍ വീണ്ടും വെള്ളം കയറി


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതിയും രൂക്ഷം. വെള്ളക്കെട്ടും ഗതാഗത തടസ്സവും ജനജീവിതം സ്തംഭിപ്പിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കടകളിലും വീടുകളിലും വെള്ളം കയറി. കൊച്ചി കളമശ്ശേരിയില്‍ വീണ്ടും വെള്ളക്കെട്ട് രൂക്ഷമായി. ഇവിടെ നിന്ന് ഫയര്‍ഫോഴ്സിന്‍റെ ഡിങ്കി ബോട്ടുകളില്‍ ആളുകളെ ഒഴുപ്പിച്ചിരുന്നു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കാണ് മാറ്റിയത്.

അതേസമയം, നിലവിൽ കൊച്ചിയിൽ മഴ കുറഞ്ഞിരിക്കുകയാണ്. എന്നാൽ വെള്ളക്കെട്ടിന് യാതൊരു കുറവുമില്ല. വെള്ളം കയറിയ തൃക്കാക്കര, കളമശ്ശേരി എന്നീ പ്രദേശങ്ങളിലെ ജനവാസ മേഖലയിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടില്ല. വിആർ തങ്കപ്പൻ റോഡ്, മൂലേപ്പാടം തുടങ്ങിയ താഴ്ന്ന പ്രദേശത്തുള്ളവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. രാത്രി മഴയില്ലെങ്കിൽ ഈ പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് ആശ്വാസമാവും. നിലവിൽ നഗരത്തിലെ ഗതാഗത കുരുക്കിനും അയവുണ്ട്. 

Latest Videos

24 മണിക്കൂറിനകം കാലവർഷം കേരളത്തിലെത്തുമെന്നാണ് പ്രവചനം. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. നാളെ മുതൽ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.  തിരുവനന്തപുരം മുതൽ ഇടുക്കിവരെയുള്ള ഏഴ് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുകയാണ്. തീരമേഖലകളിലും ഇടനാടുകളിലും കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്നും മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നുമാണ് മുന്നറിയിപ്പ്.

വെള്ളപൊക്കഭീതിയെ തുടര്‍ന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ തിരുമൂലപുരം, കവിയൂർ എന്നിവിടങ്ങളിൽ ഓരോ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ആലപ്പുഴ ഹരിപ്പാട് മുട്ടത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. ചേപ്പാട് പറത്തറയിൽ ദിവാകരനാണ് മരിച്ചത്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴയിൽ വ്യാപക നാശമാണുണ്ടായത്. പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി.

നിർത്താതെ പെയ്ത മഴയിലാണ് തിരുവനന്തപുരവും കൊച്ചിയും വെള്ളക്കെട്ടിൽ മുങ്ങിയത്.  കൊച്ചി കളമശ്ശേരിയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അഗ്നിരക്ഷ സേന ആളുകളെ ഡിങ്കി ബോട്ടുകളില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ആമയിഴഞ്ചാൻ തോടും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. പവർഹൗസ് റോഡിലും പഴവങ്ങാടിയിലും ചാലയിലെ കടകളിലും വെള്ളം കയറി.

പട്ടം, തേക്കും മൂട് , ഗൗരീശപട്ടം മേഖലയിൽ നൂറോളം വീടുകളിൽ വെള്ളം കയറി. വട്ടിയൂര്‍ക്കാവ്, തേക്കുംമൂട് തുടങ്ങിയ വിവിധയിടങ്ങളില്‍ വെള്ളം കയറി. വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകള്‍ വീടൊഴിയുകയാണ്.കനത്തമഴയിൽ കൊച്ചി മൂലേപ്പാടത്ത് അമ്പതോളം വീടുകളിൽ വെള്ളം കയറി. കളമശ്ശേരി ഭാഗത്ത വീണ്ടും വെള്ളക്കെട്ടുണ്ടായി. ഇന്‍ഫോ പാര്‍ക്കിൽ ഇന്നും വെള്ളം കയറി.

തൃശൂരില്‍ അശ്വനി ആശുപത്രിയില്‍ വീണ്ടും വെള്ളം കയറി

കനത്ത മഴയില്‍ തൃശൂര്‍ അശ്വിനി ആശുപത്രിയിലും അക്വാട്ടിക് ലൈനിലും വെള്ളം കയറി. കഴിഞ്ഞ ബുധനാഴ്ച പെയ്ത കനത്ത മഴയില്‍ അശ്വിനി ആശുപത്രിയുടെ  കാഷ്വാലിറ്റിയില്‍ വെള്ളം കയറിയിരുന്നു. ഒരാഴ്ചയ്ക്കു ശേഷമാണ് വീണ്ടും ആശുപത്രിയില്‍ വെള്ളം കയറിയത്.  ആശുപത്രിയുടെ മുന്‍ ഭാഗവും റിസപ്ഷനും വെള്ളത്തിലായി. അരമണിക്കൂര്‍ മഴ തോര്‍ന്നു നിന്നതോടെയാണ് വെള്ളം ഇറങ്ങിയത്. അക്വാട്ടിക് ലൈനിലെ പതിനഞ്ചോളം വീടുകളിലാണ് വെള്ളം കയറിയത്.

അതിരപ്പിള്ളിയില്‍ മണ്ണിടിഞ്ഞു

കനത്ത മഴയെത്തുടര്‍ന്ന് അതിരപ്പിള്ളി ആനമല പാതയില്‍ കൂറ്റന്‍ മുളങ്കാട് റോടിലേക്ക മറിഞ്ഞു വീണ് ഗതാഗത തടസ്സമുണ്ടായി. വിനോദ സഞ്ചാരികളടക്കം വഴിയില്‍ കുടുങ്ങി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേ നീരൊഴുക്കും വര്‍ധിച്ചു.തൃശൂരില്‍ കനത്ത മഴയ്ക്കിടെ ആംബുലന്‍സ് മറിഞ്ഞു. നടത്തറ ജങ്ഷനില്‍ കാറിലിടിച്ചാണ് ആംബുലന്‍സ് മറിഞ്ഞത്. രോഗിയെ കയറ്റാൻ പോയ ആംബുലന്‍സാണ് മറിഞ്ഞത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

സുഹൃത്തിനോട് വീഡിയോ എടുക്കാൻ പറഞ്ഞു, പിന്നാലെ പാലത്തിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടി; രക്ഷകരായി ഫയർഫോഴ്സ്

 

 

click me!