പേരുപോലെ തന്നെ 'സാധു'; സിനിമാഭിനയം പ്രശസ്തനാക്കി, പിണ്ടം നോക്കി തെരഞ്ഞ് കണ്ടെത്തി; നാട്ടാനയെ കൊണ്ടുപോയി

By Web TeamFirst Published Oct 5, 2024, 10:19 AM IST
Highlights

പാപ്പാനും കൂട്ടാളികളും പുതുപ്പള്ളി സാധുവിനൊപ്പം ലോറിയിലുണ്ട്. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് തെരച്ചിൽ സംഘം ആനയെ കണ്ടെത്തിയത്. പുറത്തെത്തിച്ച ആന ആരോഗ്യവാനാണെന്ന് ആനയുടമയും വനപാലക സംഘവും അറിയിച്ചു. 
 

കൊച്ചി: എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട് കയറിയ നാട്ടാന 'പുതുപ്പള്ളി സാധു'വിനെ തിരിച്ചുകൊണ്ടുപോയി. ലോറിയിൽ തളച്ചാണ് ആനയെ കൊണ്ടുപോയത്. പാപ്പാനും കൂട്ടാളികളും പുതുപ്പള്ളി സാധുവിനൊപ്പം ലോറിയിലുണ്ട്. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് തെരച്ചിൽ സംഘം ആനയെ കണ്ടെത്തിയത്. പുറത്തെത്തിച്ച ആന ആരോഗ്യവാനാണെന്ന് ആനയുടമയും വനപാലക സംഘവും അറിയിച്ചു. 

ആനയുടെ പുതിയ പിണ്ടം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയതെന്ന് ഉടമ പറഞ്ഞു. ആനയ്ക്ക് പരിക്കുകളോ മറ്റു ആരോ​ഗ്യപ്രശ്നങ്ങളോ ഒന്നുമില്ല. ഭയന്നുപോയതു കൊണ്ടാണ് ഓടിയത്. മറ്റൊരു ആന രണ്ടു തവണ കുത്തി. നാടൻ സ്വഭാവമുള്ളത് കൊണ്ട് മനുഷ്യ സാമീപ്യമുള്ള സ്ഥലത്തേക്ക് ആന വരും. ഷൂട്ടിങ്ങ് കഴിഞ്ഞതിനാൽ ആനയെ തിരിച്ചു കൊണ്ടുപോവുകയാണെന്നും ഉടമ പറഞ്ഞു. 

Latest Videos

ഭൂതത്താന്‍കെട്ട് വനമേഖലയിൽ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ്  'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തിയത്. ഇന്നലെ ഷൂട്ടിങ് സെറ്റിൽ ശാന്തനായി നിന്നിരുന്ന ആന പൊടുന്നനെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നെന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ ആളുകൾ പറയുന്നത്. ആനകൾ ബഹളമുണ്ടാക്കുന്നതു കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമ പ്രവർത്തകരുമടക്കം പരിഭ്രാന്തിയോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റതോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകര്‍ കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. 

പേരുപോലെ തന്നെ ഒരു സാധുവാണ് പുതുപ്പള്ളി സാധുവെന്നാണ് എല്ലാവരും പറയുന്നത്. തൃശ്ശൂർ പൂരം അടക്കം കേരളത്തിലെ പ്രധാന ഉത്സവങ്ങളുടെ എഴുന്നള്ളിപ്പിൽ സ്ഥിര സാന്നിധ്യമാണ് 52 വയസുള്ള ഈ കൊമ്പൻ. സിനിമ അഭിനയമാണ് ഇവനെ കൂടുതൽ പ്രശസ്തൻ ആക്കിയത്. തമിഴ്-തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകളിൽ ആനയെ അഭിനയിപ്പിക്കണം എങ്കിൽ പ്രത്യേക സർട്ടിഫിക്കറ്റ് വേണം. ഇങ്ങനെ വനം വകുപ്പിന്റെ സമ്മത പത്രം ഉള്ള ആനയാണ് പുതുപ്പള്ളി സാധു. പുതുപ്പള്ളി സ്വദേശി പാപ്പാല പറമ്പ് പോത്തൻ വർഗീസാണ് ആനയുടെ ഉടമ.

12.69 കി.മീ, ഒരു മണിക്കൂർ യാത്ര നേർപകുതിയാകും, ചെലവ് 37000 കോടി! മുംബൈയിലെ ആദ്യത്തെ ഭൂഗർഭ മെട്രോ ഇന്ന് മുതൽ

https://www.youtube.com/watch?v=Ko18SgceYX8


 

click me!