രാവിലെ ജോലിക്കാർ എത്തിയപ്പോഴാണ് സംഭവം കാണുന്നത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് ഇതിലൂടെ വീട്ടുകാർക്കുണ്ടായത്.
കൽപ്പറ്റ: വയനാട്ടിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ വയറിങ്ങ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി. വയനാട് അമ്പലവയൽ ദേവിക്കുന്ന് മില്ലിന് സമീപത്തെ വീട്ടിലാണ് സംഭവം. പോലീസ് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
അമ്പലവയൽ മാർട്ടിൻ ആശുപത്രിക്ക് സമീപം ഷീബ പ്രശാന്ത് എന്ന സ്ത്രീയുടെ വീടിന്റെ വയറിംഗ് ജോലികൾ പൂർത്തിയായതായിരുന്നു. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി വയറുകൾ സാമൂഹിക വിരുദ്ധർ മുറിച്ച് മാറ്റിയത്. രാവിലെ ജോലിക്കാർ എത്തിയപ്പോഴാണ് സംഭവം കാണുന്നത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് ഇതിലൂടെ വീട്ടുകാർക്കുണ്ടായത്. പരാതി ലഭിച്ചത് അനുസരിച്ച് അമ്പലവയൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.