ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി നേതാവ് വി മുരളീധരൻ. ഇഡി പരിശോധനയ്ക്ക് എമ്പുരാൻ സിനിമയുടെ വിവാദവുമായി ബന്ധമില്ലെന്നും രാഷ്ട്രീയ വിരോധത്തിന്‍റെ പേരിൽ അല്ലെന്നും വി മുരളീധരൻ പറഞ്ഞു.
ചെന്നൈ: ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ബിജെപി നേതാവ് വി മുരളീധരൻ. ഇഡി റെയ്ഡും എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദവും തമ്മിൽ ബന്ധമില്ലെന്ന് വി മുരളീധരൻ പറഞ്ഞു. രാഷ്ട്രീയ വിരോധത്തിന്‍റെ പേരിലല്ല ഗോകുലം ചിട്ടിക്കമ്പനി ഓഫിസിൽ ഇ.ഡി റെയ്ഡ് നടത്തുന്നതെന്നും വി. മുരളീധരൻ പറഞ്ഞു.
അന്വേഷണ ഏജൻസികൾക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടക്കുന്ന പരിശോധനകൾ മാത്രമാണത്. റെയ്ഡ് നടത്തുന്നുവെന്നത് കൊണ്ട് മാത്രം ഒരു സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് അർഥമില്ല. കുറ്റകൃത്യം നടന്നതിന്‍റെ തെളിവുകൾ ലഭിച്ചാൽ മാത്രമേ ഏജൻസികൾ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ. എമ്പുരാൻ സിനിമാ വിവാദവുമായി റെയ്ഡിനെ ബന്ധിപ്പിക്കേണ്ട കാര്യമില്ല. സിനിമയെ സിനിമയായി മാത്രം കാണണമെന്നതാണ് ബിജെപി നിലപാടെന്നും വി മുരളീധരൻ പറഞ്ഞു.
അതേസമയം, റെയ്ഡുമായി ബന്ധപ്പെട്ട് ഗോകുലം ഗോപാലനെ ചെന്നൈയിൽ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് കോര്‍പ്പറേറ്റ് ഓഫീസിൽ വെച്ചാണ് വിവരം ശേഖരിക്കുന്നത്. ഇവിടെ രാവിലെ മുതൽ ഇഡി റെയ്ഡ് ആരംഭിച്ചിരുന്നു. റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാൻ ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിരുന്നു.
കോഴിക്കോട്ടെ ഗോകുലം ഗ്രൂപ്പിന്‍റെ ഓഫീസിലും ഇഡി പരിശോധന നടന്നിരുന്നു.കോടമ്പാക്കത്ത് ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിന്‍റെ കോർപറേറ്റ് ഓഫീസിലും നീലാങ്കരയിലെ ഗോകുലം ഗോപാലന്‍റെ ഓഫിസിലുമാണ് രാവിലെ മുതൽ പരിശോധന നടക്കുന്നത്. പിഎംഎൽഎ, ഫെമ ചട്ട ലംഘനങ്ങളിലാണ് അന്വേഷണമെന്നാണ് വിവരം. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണങ്ങളുടെ തുടർച്ചയായാണ് പരിശോധന.