ഇഡി വിളിച്ചതുകൊണ്ട് വന്നുവെന്ന് മാത്രമായിരുന്നു ചോദ്യംചെയ്യലിനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകർക്ക് മുന്നിൽ മറുപടി.
കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം മുൻ മന്ത്രിയുമായ എ സി മൊയ്തീൻ എം.എൽ എ അടക്കം സിപിഎം നേതാക്കൾ ഇഡിക്ക് മുന്നിൽ ഹാജരായി. ഇന്ന് രാവിലെയാണ് കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് അഭിഭാഷകർക്കൊപ്പം എ സി മൊയ്തീൻ എത്തിയത്. ഇഡി വിളിച്ചതുകൊണ്ട് വന്നുവെന്ന് മാത്രമായിരുന്നു ഇഡി ചോദ്യംചെയ്യലിനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകർക്ക് മുന്നിൽ മറുപടി. തൃശൂർ കോർപ്പറേഷൻ കൗൺസിൽ അംഗവും സി.പി.എം നേതാവുമായ അനൂപ് ഡേവിസ് കാഡയും ഇ.ഡിക്ക് മുന്നിൽ ഹാജരായിട്ടുണ്ട്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഇടപെട്ടില്ലെന്നായിരുന്നു അനൂപിന്റെ പ്രതികരണം.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; മുൻ എംപിക്കെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി ഇഡി
പത്ത് വർഷത്തെ നികുതി രേഖകളും ബാങ്ക് ഇടപാട് രേഖകളും സഹിതം ഹാജരാകാനാണ് ഇഡി എ സി മൊയ്തീന് നൽകിയ നിർദ്ദേശം. കരുവന്നൂർ ബാങ്കിൽ നിന്ന് ബെനാമികൾ വ്യാജ രേഖകൾ ഹാജരാക്കി ലോൺ നേടിയത് എ.സി മൊയ്തീനിന്‍റെ ശുപാർശ പ്രകാരമാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. കേസിൽ അന്വേഷണം നേരിടുന്ന മുൻ മാനേജർ ബിജു കരീമിന്‍റെ ബന്ധുകൂടിയാണ് എ.സി മൊയ്തീൻ. ബെനാമി ലോൺ തട്ടിപ്പിന്‍റെ ആസൂത്രകൻ സതീഷ് കുമാറുമായി എ.സി മൊയ്തീന് അടുത്ത ബന്ധമുണ്ടെന്നും സതീഷ് സിറ്റിംഗ് എംഎൽഎയുടെയും മുൻ എംപിയുടെയും ബെനാമിയാണെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. 400 കോടിരൂപയുടെ ആസ്തിയുണ്ടായിരുന്ന കരുവന്നൂർ ബാങ്കിൽ 2012 മുതലാണ് ബെനാമി ലോൺ അടക്കമുള്ള തട്ടിപ്പുകൾ തുടങ്ങുന്നത്.