കിഫ്ബിക്കെതിരായ ഇഡി നടപടിയിൽ തോമസ് ഐസക്കിന് പൂര്‍ണ പിന്തുണ അറിയിച്ച വി ഡി സതീശന്‍റേത് ഒത്തുത്തീര്‍പ്പ് രാഷ്ട്രീയമാണ്. പിണറായി - സതീശന്‍ ഡീല്‍ എന്തെന്ന് ജനങ്ങള്‍ക്ക് അറിയണം. വിദേശ പണം സംബന്ധിച്ച കേസ് സതീശനെ വേവലാതിപെടുത്തുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിലെ അഴിമതിക്കേസുകൾ അട്ടിമറിക്കാൻ എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും സംയുക്ത നീക്കം നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കിഫ്ബിക്കെതിരായ ഇഡി നടപടിയിൽ തോമസ് ഐസക്കിന് പൂര്‍ണ പിന്തുണ അറിയിച്ച വി ഡി സതീശന്‍റേത് ഒത്തുത്തീര്‍പ്പ് രാഷ്ട്രീയമാണ്. പിണറായി - സതീശന്‍ ഡീല്‍ എന്തെന്ന് ജനങ്ങള്‍ക്ക് അറിയണം. വിദേശ പണം സംബന്ധിച്ച കേസ് സതീശനെ വേവലാതിപെടുത്തുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബജറ്റിന് പുറത്തുള്ള കിഫ്ബിയുടെ സാമ്പത്തിക ഇടപാട് ബാധ്യതയാകുമെന്ന് ആവര്‍ത്തിക്കുമ്പോഴും തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ ഇഡിക്ക് അധികാരമില്ലെന്നാണ് ഇന്നലെ വി ഡി സതീശൻ പറഞ്ഞത്. ദേശീയ സാഹചര്യം കൂടി കണക്കിലെടുത്താണ് പരസ്പരമുള്ള പോർവിളി മാറ്റി, ഇഡിയെ തള്ളി ഐസക്കിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കിഫ്ബിക്കെതിരെ കടുത്ത വിമര്‍ശനമാണ് എന്നും പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ളത്.
ബജറ്റിന് പുറത്ത് ചെലവഴിക്കുന്ന ഓരോ രൂപയും അവസാനം സര്‍ക്കാരിന് വൻ സാമ്പത്തിക ബധ്യതയാകുമെന്നും അശാസത്രീയ ധനവിനിയോഗം കടക്കെണിക്കിടയാക്കുമെന്നും ഉള്ള നിലപാടാണ് തുടക്കം മുതൽ കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. പക്ഷേ കിഫ്ബിയിലേക്കും മസാല ബോണ്ടിലേക്കും ഇഡി വന്നതോടെ കോൺഗ്രസ് വേറിട്ട രാഷ്ട്രീയ നിലപാടിലേക്ക് മാറിയിരിക്കുകയാണ്. ഇതിനുള്ള കാരണങ്ങള്‍ പലതാണ്.
കിഫ്ബിക്കെതിരായ ഇഡി നീക്കത്തെ പിന്തുണച്ചാൽ, സിപിഎം അത് ശക്തമായ ആയുധമാക്കും. വികസനം തകർക്കാൻ ബിജെപി - ഇഡി - കോൺഗ്രസ് കൂട്ടുക്കെട്ടെന്ന പ്രചാരണം പ്രതിസന്ധിയുണ്ടാക്കും. സോണിയ ഗാന്ധിയെയും രാഹുലിനെയും അടക്കം ചോദ്യം ചെയ്യുന്ന ഇഡിക്കെതിരെ ദേശീയതലത്തിൽ പ്രക്ഷോഭം നടത്തുന്ന കോൺഗ്രസിന് കേരളത്തിൽ മറിച്ചൊരു നിലപാട് എടുക്കാനുമാകില്ല. ഇഡിക്കെതിരെ സിപിഎം നിയമ-രാഷ്ട്രീയപ്പോര് ശക്തമാക്കുന്നതിന് മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്.
ഐസക്കിന് പിന്നാലെ ഇഡിയുടെ അടുത്ത ലക്ഷ്യം മുഖ്യമന്ത്രിയായിരിക്കുമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ. ഈ സാഹചര്യത്തിലാണ് ഇഡിക്കെതിരായ ഭരണ-പ്രതിപക്ഷ ഐക്യത്തെ സംസ്ഥാന ബിജെപി ആയുധമാക്കുന്നത്. അതേസമയം, കിഫ്ബിക്കെതിരായ അന്വേഷണത്തിൽ അടുത്ത ബുധനാഴ്ച വരെ മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.