വലിയ വാദ പ്രതിവാദങ്ങള്‍ക്കാണ് ഹൈക്കോടതിയില്‍ അരങ്ങേറിയത്. കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നൽകിയ സമൻസുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചായിരുന്നു സിംഗിൾ ബെഞ്ചിൽ തോമസ് ഐസക്കിന്‍റെ വരവ്.
കൊച്ചി: കിഫ്ബിക്കെതിരായ അന്വേഷണത്തിൽ അടുത്ത ബുധനാഴ്ച വരെ മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. വലിയ വാദ പ്രതിവാദങ്ങള്‍ക്കാണ് ഹൈക്കോടതിയില്‍ അരങ്ങേറിയത്. കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നൽകിയ സമൻസുകളിലെ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചായിരുന്നു സിംഗിൾ ബെഞ്ചിൽ തോമസ് ഐസക്കിന്‍റെ വരവ്.
ആദ്യത്തെ സമൻസിൽ ഹാജരാകണമെന്നാവശ്യപ്പെടുന്നു, രണ്ടാമത്തേതിൽ തന്‍റെയും കുടുംബംഗങ്ങളുടെയും വ്യക്തിവിവരങ്ങൾ തേടുന്നു. ഇത് ഉദ്ദേശം വേറെയാണെന്ന് തോമസ് ഐസക്ക് ഉന്നയിച്ചു. ഫെമ ലംഘനമെന്ന പേരിൽ ഇഡിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും ഐസക്ക് വാദിച്ചു. എന്നാല്‍, അന്വേഷണ ഏജൻസിക്ക് സംശയം തോന്നിയാൽ ആരെയും വിളിപ്പിച്ചുകൂടേയെന്നായിരുന്നു ജസ്റ്റിസ് വി ജി അരുണിന്‍റെ മറുചോദ്യം.
മൊഴിയെടുക്കാനുളള അന്വേഷണ ഏജൻസിയുടെ തീരുമാനത്തിൽ എന്താണ് കുഴപ്പമെന്നും സിംഗിൾ ബെഞ്ച് തോമസ് ഐസക്കിനോട് ചോദ്യം ഉന്നയിച്ചു. താൻ എന്ത് നിയമലംഘനമാണ് നടത്തിയതെന്ന് ആദ്യം എൻഫോഴ്സ്മെന്‍റ് വ്യക്തമാക്കട്ടെയെന്നായിരുന്നു തോമസ് ഐസക്കിനായി ഹാജരായ സുപ്രീം കോടതയിലെ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദവേയുടെ മറുപടി. തോമസ് ഐസക് പ്രതിയാണെന്ന് തങ്ങൾ എങ്ങും പറഞ്ഞിട്ടില്ലെന്ന് കോടതിയെ അറിയിച്ച ഇഡി, സാക്ഷിയായി തോമസ് ഐസക്കിന് സഹകരിച്ച് കൂടേയെന്നും ചോദിച്ചു.
'ഇ ഡി ആവശ്യപ്പെട്ടത് ഇത്രയും കാര്യങ്ങൾ'; വിശദീകരിച്ച് തോമസ് ഐസക്
സാക്ഷിയായിട്ടാണെങ്കിൽ വ്യക്തിവിവരങ്ങൾ എന്തിനാണ് തിരക്കുന്നതെന്ന് തോമസ് ഐസക്ക് ആരാഞ്ഞു. ഇത് പരിഗണിച്ച കോടതി ഒരാളുടെ സ്വകാര്യത ലംഘിക്കാനാവില്ലെന്ന് പരാമര്‍ശിക്കുകയും വ്യക്തി വിവരങ്ങൾ ആരാഞ്ഞത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് ചോദിക്കുകയും ചെയ്തു. തോമസ് ഐസക്കിന്‍റെ വ്യക്തിവിവരങ്ങൾ കേസിൽ ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയതുകൊണ്ടാണെന്നും അത് വിവേചനാധികാരമാണെന്നുമായിരുന്നു ഇഡിയുടെ മറുപടി.
തുടര്‍ന്ന് വിശദമായ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് ഇഡി ആവശ്യപ്പെട്ടതോടെ ഹർജി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. അതുവരെ തുടർനടപടികളുണ്ടാകില്ലെന്നുള്ള കേന്ദ്ര ഏജൻസിയുടെ ഉറപ്പ് വിശ്വാസത്തിൽ എടുക്കുന്നുവെന്നും സിംഗിൾ ബെഞ്ച് അറിയിച്ചു. ഇതിനിടെ കിഫ്ബിക്കെതിരായ ഇഡി ഇടപെടൽ സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നെന്ന അഞ്ച് എം എൽ എമാരുടെ ഹർജി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിക്കാതെ ഉത്തരവിനായി മാറ്റി. അന്വേഷണം തുടങ്ങിയിട്ടല്ലേ ഉള്ളൂ എന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് പൊതു താൽപര്യ ഹർജി നിലനിൽക്കില്ലെന്നും വാക്കാൽ പറഞ്ഞു.