റിസോര്‍ട്ട് വിവാദത്തിനിടെ പൊതുപരിപാടിയില്‍ പങ്കെടുത്ത് ഇപി‍; ചോദ്യങ്ങള്‍ക്ക് മറുപടി ചെറുചിരി മാത്രം

By Web Team  |  First Published Dec 27, 2022, 11:15 AM IST

കെഎസ്ടിഎ പരിപാടിക്കെത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകർ ഇപിയോട് പ്രതികരണം തേടിയത്. ചിരിച്ച് തൊഴുകൈകളോടെ പരിപാടിയിലേക്ക് നടന്നു പോയി.


കണ്ണൂര്‍: പി ജയരാജൻ സംസ്ഥാനസമിതിയിൽ ഉയർത്തിവിട്ട ആരോപണങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ഇ പി ജയരാജന് ചോദ്യങ്ങളോട് മൗനം. കാത്തുനിന്ന മാധ്യമപ്രവർത്തകർ തുടർച്ചയായി ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം പുഞ്ചിരി മാത്രമായിരുന്നു മറുപടി. സംസ്ഥാനത്തിന്‍റെ വികസനത്തെപ്പറ്റി മാത്രമാണ് വേദിയിലും ഇ പി ജയരാജൻ സംസാരിച്ചത്.

സിപിഎമ്മിന്‍റെ അധ്യാപക സംഘടനായ കെ എസ് ടി എ നിർധനരായ കുട്ടികൾക്ക്  നൽകുന്ന വീടിന്‍റെ താക്കോൽ ദാന ചടങ്ങ്. വിവാദങ്ങൾക്ക് എല്ലാം മുൻപുതന്നെ ഇ പി ജയരാജനെ മുഖ്യാതിഥിയായി നിശ്ചയിച്ച മാടായിയിലെ പരിപാടിയിൽ കാത്തുനിന്നത് മാധ്യമപ്പട. പക്ഷെ, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഇ പി ഒരക്ഷരം ഉരിയാടിയില്ല. ഒട്ടേറെ അർത്ഥമുള്ള മൗനം മാത്രം. കെഎസ്ടിഎ പരിപാടിക്കെത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകർ ഇപിയോട് പ്രതികരണം തേടിയത്. ചിരിച്ച് തൊഴുകൈകളോടെ ഇപി നടന്ന് നീങ്ങി. മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ചെറുചിരി മാത്രമായിരുന്നു ഇ പി ജയരാജന്‍റെ മറുപടി.  

Latest Videos

അര മണിക്കൂറിലേറെ നീണ്ട പ്രസംഗത്തിലും വിവാദങ്ങൾ തൊട്ടില്ല. മലയാളികൾ കീറപ്പായയിൽ കിടക്കേണ്ടവരല്ലെന്നും നാട് വികസിക്കണം എന്നും പറഞ്ഞുകൊണ്ട്, ലഹരിയുടെ വിപത്ത് ഓർമപ്പെടുത്തി പ്രസംഗം. പരിപാടി കഴിഞ്ഞിറങ്ങിയപ്പോൾ മൈക്ക് ഇല്ലാതെ സമീപിച്ചും മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ആവർത്തിച്ചു. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കോയെന്ന ചോദ്യത്തിന് 'നിങ്ങൾക്ക് ഇഷ്ടമുള്ളത് എഴുതാം' എന്നായിരുന്നു പ്രതികരണം. ഏത് വിഷയത്തിലും പാർട്ടിക്കും മുൻപേ പ്രതികരിച്ച് ശീലമുളള ഇ പിയിൽ നിന്ന് ഇത്തരത്തിൽ നീണ്ട മൗനം ഇതാദ്യമാണ്. 

Also Read: 'ഇപി വഞ്ചിച്ചു, കോ‍ടികള്‍ നഷ്ടമായി'; രമേഷ് കുമാറിന്‍റെ പരാതി 3 വര്‍ഷം മുമ്പ് തന്നെ നേതാക്കള്‍ക്ക് മുന്നിലെത്തി

അതേസമയം, ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ പാർട്ടി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. ഇപി ജയരാജനെതിരെ അന്വേഷണം സംസ്ഥാനത്ത് തീരുമാനിക്കാം എന്ന് കേന്ദ്ര നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ വിഷയങ്ങളിൽ കാര്യമായ ചർച്ച പൊളിറ്റ് ബ്യൂറോയിലുണ്ടാവാനിടയില്ല. അന്വേഷണത്തോട് യോജിപ്പെന്ന സൂചനയാണ് കേന്ദ്രനേതൃത്വം നൽകുന്നത്. വിവാദം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. അന്വേഷണം വേണോയെന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടും നിർണ്ണായകമാകും.

click me!