എടച്ചേരി മണ്ഡലം സെക്രട്ടറി നിജേഷ് കണ്ടിയിലിനെതിരെ ആയിരുന്നു ഡിവൈഎഫ്ഐ നേതാക്കളുടെ കൊലവിളി പ്രസംഗം. വീട്ടില്‍ കയറി കയ്യും കാലും അടിച്ചു മുറിക്കുമെന്നായിരുന്നു ഭീഷണി.
കോഴിക്കോട്: കോഴിക്കോട് കോണ്‍ഗ്രസ് നേതാവിനെതിരായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലവിളി പ്രസംഗത്തില്‍ കേസെടുക്കാതെ പൊലീസ്. എടച്ചേരി മണ്ഡലം സെക്രട്ടറി നിജേഷ് കണ്ടിയിലിനെതിരെ ആയിരുന്നു ഡിവൈഎഫ്ഐ നേതാക്കളുടെ കൊലവിളി പ്രസംഗം. പുഷ്പന്‍റെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതായിരുന്നു പ്രകോപനം.
വീട്ടില്‍ കയറി കയ്യും കാലും അടിച്ചു മുറിക്കുമെന്നായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഭീഷണി. വീട്ടിൽ കയറാതിരുന്നത് നിജേഷ് വീട്ടിൽ ഇല്ലെന്ന് പൊലീസ് പറഞ്ഞതിനാലാണെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ പ്രസംഗത്തിനിടെ പറഞ്ഞു. നിജേഷിനെ പട്ടിയെ തല്ലും പോലെ തെരുവിലിട്ടു തല്ലുമെന്നും നിജേഷ് ഇനി ഇരിക്കണോ കിടക്കണോയെന്ന് ഡിവൈഎഫ്ഐ തീരുമാനിക്കുമെന്നുമാണ് നേതാക്കളും പരാമര്‍ശം.
undefined
പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു ഡിവൈഎഫ്ഐ നേതാക്കളുടെ ഭീഷണി പ്രസംഗം. ഡിവൈഎഫ്ഐ നേതാക്കളുടെ പരാതിയില്‍ നിജേഷിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തിട്ടുണ്ട്. എന്നാല്‍, ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ കേസെടുക്കണമെങ്കില്‍ കോടതിയെ സമീപിക്കാനാണ് പരാതിക്കാരനോട് എടച്ചേരി പൊലീസ് നിര്‍ദ്ദേശിച്ചത്.