പഴയങ്ങാടിയിൽ തലക്കടിച്ചതിനെ കുറിച്ചല്ല, വാഹനത്തിന് മുന്നിലേക്ക് ചാടിയവരെ പിടിച്ചതിനെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് വികെ സനോജ്
കോഴിക്കോട്: യൂത്ത് കോൺഗ്രസിന്റെ വ്യാജ സംസ്ഥാന അധ്യക്ഷനാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അറസ്റ്റിലായവർ രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുപ്പക്കാരാണ്. കേസിൽ നിന്നും രക്ഷപ്പെടാനാണ് യൂത്ത് കോൺഗ്രസ് ചില കലാപരിപാടികൾ നടത്തുന്നത്. കോൺഗ്രസ് നേതാക്കൾക്കും വ്യാജ ഐഡി കാർഡ് നിർമിച്ചതിൽ പങ്കുണ്ടെന്നും വി ഡി സതീശൻ അടക്കമുള്ളവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും വികെ സനോജ് ആവശ്യപ്പെട്ടു.
വ്യാജന്മാർ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ആകുന്ന സ്ഥിതിയാണ് കേരളത്തിലെന്ന് അദ്ദേഹം പരിഹസിച്ചു. യൂത്ത് കോൺഗ്രസ് എന്തിനാണ് ഇപ്പോൾ പ്രതിഷേധിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം ഡി വൈ എഫ് ഐ ആരെയും ആക്രമിക്കുന്നവരല്ലെന്നും പറഞ്ഞു. പഴയങ്ങാടിയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് വന്ന ആളുകളെ തടയുകയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ചെയ്തത്. ജനാക്കൂട്ടത്തോട് പ്രകോപനപരമായി ഇടപെട്ടപ്പോൾ ഉണ്ടായ പ്രതികരണമാണ് പഴയങ്ങാടിയിൽ ഉണ്ടായതെന്നും അത് ജനക്കൂട്ടത്തിന്റെ പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു.
ജനക്കൂട്ടത്തിന്റെ സ്വാഭാവികമായ പ്രതികരണം മാത്രമാണ് പഴയങ്ങാടിയിലേതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസിന് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പഴയങ്ങാടിയിൽ പിന്നെ എന്തൊക്കെ നടന്നു എന്ന് അറിയില്ല. വാഹനത്തിന് മുന്നിലേക്ക് ആളുകൾ ചാടി വീണപ്പോൾ അവരെ രക്ഷപ്പെടുത്തിയതിനെ കുറിച്ചാണ് മുഖ്യമന്ത്രിയുടെ ജീവൻ രക്ഷാപ്രവർത്തനം എന്ന് പറഞ്ഞത്. അല്ലാതെ തലക്കടിച്ചതിനെ കുറിച്ചല്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.