ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; 9 ആർഎസ്എസ് പ്രവർത്തകർ കുറ്റക്കാർ, വിധിയിൽ ആശ്വാസമുണ്ടെന്ന് അമ്മ

By Web Desk  |  First Published Jan 4, 2025, 12:03 PM IST

2005 ഒക്ടോബർ 3നായിരുന്നു കേസിന്നാസ്പദമായ സംഭവം. കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകനായ റിജിത്തിനെ ആർഎസ്എസ്- ബിജെപി പ്രവർത്തകർ കൊലപ്പെടുത്തുകയായിരുന്നു. 


കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 ആർഎസ്എസ്- ബിജെപി പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി. 19 വർഷത്തിന് ശേഷമാണ് കേസിൽ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്. ആർഎസ്എസ് ശാഖ നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയായിരുന്നു കൊലപാതകം.

2005 ഒക്ടോബർ മൂന്നിനായിരുന്നു കൊലപാതകം. സിപിഎമ്മിൻ്റെ കണ്ണപുരം ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമായിരുന്നു റിജിത്ത്. കേസിൽ 10 പ്രതികളാണുള്ളത്. കേസിൻ്റെ വിചാരണ വേളയിൽ മൂന്നാം പ്രതി അജേഷ് മരിച്ചു. ആർഎസ്എസ്- ബിജെപി പ്രവർത്തകരായ ബാക്കി 9 പ്രതികളും കുറ്റക്കാരെന്നാണ് ജഡ്ജ് റൂബി കെ ജോസ് വിധിച്ചത്. വിവി സുധാകരൻ, കെടി ജയേഷ്, സിപി രഞ്ജിത്, പിപി അജീന്ദ്രൻ, ഐവി അനിൽ, വിവി ശ്രീകാന്ത്, വിവി ശ്രീജിത്, പിപി രാജേഷ്, ടിവി ഭാസ്കരൻ എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞുവെന്ന് കോടതി വിധിച്ചു. 

Latest Videos

റിജിത്തിൻ്റെ അമ്മയും സഹോദരിയും സിപിഎം നേതാക്കളും വിധി കേൾക്കാനെത്തിയിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന റിജിത്തിനെയും സുഹൃത്തുക്കളെയും തച്ചൻകണ്ടി ക്ഷേത്രത്തിനടുത്തുവച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പ്രദേശത്ത് ആർഎസ്എസ് ശാഖ നടത്തുന്നതിനെ ചൊല്ലിയുളള തർക്കം ഒക്ടോബർ രണ്ടിന് ഉന്തിലും തളളിലുമെത്തിയിരുന്നു. പിറ്റേ ദിവസമാണ് കൊലപാതകം. വളപട്ടണം സിഐ ആയിരുന്ന ടിപി പ്രേമരാജനാണ് കേസ് അന്വേഷിച്ചത്. 28 സാക്ഷികളെ നീണ്ട വിചാരണ വേളയിൽ വിസ്തരിച്ചു.

ഏറെ വൈകാരികമായിരുന്നു അമ്മയുടേയും സഹോദരിയുടേയും പ്രതികരണം. വിധിയിൽ ആശ്വാസമുണ്ടെന്നും ഇതിനായി നീണ്ടകാലം കാത്തിരിക്കേണ്ടി വന്നുവെന്നും റീജിത്തിന്റെ അമ്മ ജാനകിയും സഹോദരി ശ്രീജയും പ്രതികരിച്ചു. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ട്. 19 വർഷവും മൂന്നു മാസവും കാത്തിരിക്കേണ്ടി വന്നു. 17 വർഷം വരെ അച്ഛൻ കാത്തിരുന്നു. 2 വർഷം മുമ്പ് അച്ഛൻ മരിച്ചു. ഇപ്പോൾ തനിച്ചായെന്നും മറ്റൊന്നും പറയാനില്ലെന്നും അമ്മ പറഞ്ഞു. വിധി കേൾക്കാൻ അച്ഛനില്ലാതെ പോയെന്ന് സഹോദരിയും പ്രതികരിച്ചു.

ഇന്ത്യക്ക് പ്രതീക്ഷ, ജസ്പ്രിത് ബുമ്ര തിരിച്ചെത്തി! സിഡ്‌നിയില്‍ പന്തെറിയുമോ ഇല്ലയോ എന്നുള്ള ആശങ്ക ബാക്കി

https://www.youtube.com/watch?v=Ko18SgceYX8

click me!