തൃശ്ശൂരിലും കോട്ടയത്തും ലഹരി മരുന്ന് വേട്ട; മാളയിൽ കഞ്ചാവ് കടത്തിയ കാർ സ്കൂട്ടറിൽ ഇടിച്ചു

By Web Team  |  First Published Oct 18, 2022, 10:44 AM IST

കൈവശമുണ്ടായിരുന്ന കഞ്ചാവ് സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞെങ്കിലും എക്സൈസ് ഉദ്യോഗസ്ഥരെത്തി കണ്ടെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്


തൃശ്ശൂർ: തൃശ്ശൂരിലെ മാളയിൽ കഞ്ചാവ് കടത്തിയ കാർ സ്കൂട്ട‍റിൽ ഇടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. മാള സ്വദേശി കളപ്പുരയ്ക്കൽ രഞ്ജിത്തിനാണ് പരിക്കേറ്റത്. കാ‍ർ യാത്രക്കാരനെ നാട്ടുകാർ പിടികൂടി. ഇയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ കയ്യിലുണ്ടായിരുന്ന കഞ്ചാവ് ഇയാൾ സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞെങ്കിലും എക്സൈസ് ഉദ്യോഗസ്ഥരെത്തി കണ്ടെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. 

മകളെ ബസ് കയറ്റി വിടാന്‍ സ്കൂട്ടറില്‍ എത്തിയ മാള സ്വദേശി രഞ്ജിത്തിനെയാണ് ഇടിച്ച് തെറിപ്പിച്ചത്. വണ്ടി വഴിയരികില്‍ നിര്‍ത്തിയ സമയത്തായിരുന്നു എതിര്‍ദിശയില്‍ പാഞ്ഞെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തിയത്. രഞ്ജിത്തിനെ വലിച്ച് കുറച്ചുദൂരം കൊണ്ടുപോവുകയും ചെയ്തു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ കൈവശമുള്ള ഒരു കവര്‍ ഒളിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു യുവാക്കള്‍. കവര്‍ തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കുഴൂര്‍ സ്വദേശിയായ ചെറുപിള്ളി യദുകൃഷ്ണന്‍, കളപ്പട്ടില്‍ വീട്ടില്‍ വിനില്‍ എന്നിവരെ നാട്ടുകാര്‍ തടഞ്ഞു വച്ചു. 

Latest Videos

എക്സൈസ് സംഘമെത്തി നടത്തിയ പരിശോധനയില്‍ കവറിലുണ്ടായിരുന്ന 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യദുകൃഷ്ണന്‍ കഞ്ചാവ് കടത്തുകേസിലെ പ്രതിയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താന്‍ എക്സൈസിന്റെ അന്വേഷണം തുടരുകയാണ്.

കോട്ടയം നഗരത്തിലാണ് എംഡിഎംഎയുമായി യുവാവ് പിടിയിലായത്. വടവാതൂർ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 15 ഗ്രാം എംഡിഎംഎ പിടികൂടി. ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

 

click me!