
തിരുവനന്തപുരം: തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ കോടികള്‍ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി മാലി സ്വദേശികൾ പിടിയിലായ കേസിൽ വിചാരണ നിലച്ചു. കുറ്റപത്രം കോടതിക്കു മുന്നിലെത്തിക്കുന്നതിൽ പൊലിസ് വരുത്തിയ ഗുരുതര വീഴ്ച മൂലം പ്രതികള്‍ ജാമ്യം നേടി രാജ്യം വിട്ടതാണ് കാരണം. പെറ്റിക്കേസുകള്‍ പിടിക്കുന്നതിന്‍റെ കണക്ക് അവതരിപ്പിച്ച് ലഹരിക്കെതിരെ ശക്തമായ നടപടിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്പോഴാണ് വലിയ ലഹരിക്കേസിലെ അട്ടിമറി
2018 ജൂണ്‍ നാലിനാണ് തലസ്ഥാനത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും 16.530 കിലോ ഹാഷിഷ് ഓയിലുമായി മൂന്നു മാലിക്കാരെ പൊലിസ് അറസ്റ്റ് ചെയ്യുന്നത്. കൻോമെൻ് പൊലിസാണ് രാജ്യന്തര ലഹരിമാഫിയിൽപ്പെട്ട മൂന്നുപേരെ പിടികൂടിയത്.മാലിക്കാരായ ഐമാൻ അഹമ്മദ്, ഷെമീസ് മാഹിൻ, ഇബ്രാഹിം ഫൗസാൻ എന്നിവരെയാണ് പൊലിസ് പിടികൂടിയത്. പൊലിസ് ഏറെ അഭിമാനമായി ഉയർത്തികാട്ടിയ അറസ്റ്റിൽ പിന്നെയുണ്ടായത് വലിയ അട്ടിമറി.തുടരന്വേഷണം നടത്തിയത് സിറ്റി നാർക്കോട്ടിക് വിഭാഗം. പ്രതികള്‍കൊപ്പമുണ്ടായിരുന്ന അസ്ലി മുഹമ്മദ് എന്ന മാലി സ്വദേശി അപ്പോഴേക്കും രക്ഷപ്പെട്ടു. പ്രതികള്‍ക്ക് ലഹരി എത്തിച്ചു നൽകിയ ഇടുക്കി സ്വദേശി ബാബുവിനെ എക്സൈസാണ് അറസ്റ്റ് ചെയ്തത്. ndps നിയമപ്രകാരം അറസ്റ്റ് നടത്തിയൽ 180 ദിവസത്തിനകം കുറ്റപത്രം നൽകണം. ആ സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാനായില്ലെങ്കിൽ പ്രോസിക്യൂട്ടർ മുഖേന കോടതിയിൽ നിന്നും സമയം നീട്ടി വാങ്ങണം. ഇത് രണ്ടും ചെയ്യാത്തതാണ് പ്രതികൾക്ക് പഴുതായത്.
കുറ്റപത്രം പേരിന് നൽകിയത് 179 ആ ദിവസം . അന്വേഷണ സംഘം കുറ്റപത്രം കൊടുത്തതാകട്ടെ കോടതിയിലെ ക്ലർക്കിന് . ഈ കുറ്റപത്രം ജുഡിഷ്യൽ ഓഫീസർക്ക് മുന്നിലെത്തിയില്ല . കുറ്റപത്രം കോടതി സ്വീകരിച്ചുവോയെന്ന കാര്യം പോലും പൊലിസ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തിയില്ല. പിന്നീടാണ് അടുത്ത നാടകീയ നീക്കം. 181 ദിവസം കഴിഞ്ഞപ്പോള്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതിയിലെത്തി. അപ്പോഴാണ് കുറ്റപത്രം ഫയലിൽ സ്വീകരിക്കാത്ത കാര്യം പ്രോസിക്യൂട്ടറും അറിയുന്നത്.
സമയബന്ധിതമായി കുറ്റപത്രം നൽകാത്തതിനാൽ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. എല്ലാം തിരക്കഥ പോലെ . ഇതിനിടെ പ്രഗത്ഭരായ അഭിഭാഷകർ പ്രതികള്‍ക്ക് വേണ്ടിയെത്തി. ഓരോ പ്രതികള്‍ക്കും 10 ലക്ഷം വീതം ബോണ്ടിന്മേൽ കോടതി ജാമ്യം അനുവദിച്ചു. അന്നു തന്നെ പ്രതികള്‍ പുറത്തിറങ്ങി. അഭിഭാഷകരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ബോണ്ട് വച്ചത്. രാജ്യം വിട്ടുപോകരുതെന്ന വ്യവസ്ഥപോലും മറികടന്ന്, മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്നു പ്രതികളും രാജ്യം വിട്ടു.
പ്രതികള്‍വൻ തുക ഒഴുക്കി ഞൊടിയിടയിൽ ജാമ്യ വ്യവസ്ഥക്കായി ആളുകളെത്തിയതും, പ്രതികള്‍ രാജ്യം വിട്ടതുമെല്ലാം ആസൂത്രിതം.ജാമ്യത്തിലിറങ്ങിയ നാലാം പ്രതിയായ മാലി സ്വദേശി മാത്രമാണ് ഇപ്പോഴും തിരുവനന്തപുരത്ത തുടരുന്നത്. മുഖ്യപ്രതികള്‍ക്ക് നിരവധി തവണ പ്രത്യേക കോടതി സമയൻസ് അയച്ചു. പ്രതികള്‍ ഹാജരാകാത്തിനാൽ വിചാരണ തുടങ്ങാനാകുന്നില്ല. പ്രതികളെത്താതിനാൽ ജാമ്യക്കാരായി നിന്നവർക്കെതിരെ ഇപ്പോള്‍ കോടതി നിയമനടപടികളേക്ക് കടക്കുകയാണ്. പ്രതികളെ പുറത്തിറക്കാൻ ആരാണ് അട്ടിമറി നടത്തിയത്, വിജിലൻസും സ്പെഷ്യൽ ബ്രാഞ്ചുമെല്ലാം അന്വേഷണം നടത്തിയെങ്കിലും ആരെയും കുറ്റക്കാരനെന്ന് കണ്ടെത്തിയില്ല. അട്ടിമറിക്ക് കൂട്ട് നിന്നവരും പ്രതികളും ഇപ്പോഴും സുരക്ഷിതർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam