മൃതദേഹങ്ങളെ അനാദരിക്കരുതെന്ന് ഡോ. ഹുസൈൻ മടവൂർ; മുഖ്യമന്ത്രിക്ക് നിവേദനം

By Web Team  |  First Published Oct 18, 2020, 6:10 PM IST

മൃതദേഹങ്ങളെ അനാദരിക്കരുതെന്നും മതാചാരമനുസരിച്ച് തന്നെ മൃതദേഹം മറവ് ചെയ്യാമെന്ന് ലോകാരോഗ്യ സംഘടനയുടെ 
കൊവിഡ് പ്രോട്ടോക്കോൾ പറയുന്നുണ്ടെന്ന് ഹുസൈന്‍ മടവൂര്‍


കോഴിക്കോട്: കൊവിഡ് പോസിറ്റീവ് ആയി മരണപ്പെടുന്നവരുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നത്  അവസാനിപ്പിക്കണമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ഇമാം ഡോ.ഹുസൈൻ മടവൂർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മൃതദേഹങ്ങളെ അനാദരിക്കരുതെന്നും മതാചാരമനുസരിച്ച് തന്നെ മൃതദേഹം മറവ് ചെയ്യാമെന്ന് ലോകാരോഗ്യ സംഘടനയുടെ 
കൊവിഡ് പ്രോട്ടോക്കോൾ പറയുന്നുണ്ടെന്ന് ഹുസൈന്‍ മടവൂര്‍ നിവേദനത്തില്‍ പറയുന്നു.

ഇപ്പോൾ തന്നെ മതാചാരപ്രകാരം മറവ് ചെയ്യാൻ അനുവാദമുണ്ടെന്നും പരാതി വിശദമായി പഠിച്ച ശേഷം അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്നും താങ്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് സന്തോഷത്തിന്ന് വക നൽകുന്ന കാര്യമാണ്. അത് കഴിഞ്ഞിട്ട് നാലു ദിവസമായി. ഇതിന്നിടയിൽ കേരളത്തിൽ പോസിറ്റീവ് ആയ നൂറിലേറെ പേർ മരിച്ചു. ഒരു മാറ്റവുമില്ല.  ആശുപത്രിക്കാർ പോസിറ്റീവും നെഗറ്റീവും പറഞ്ഞ് കഷ്ടപ്പെടുത്തുകയാണെന്ന് ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

Latest Videos

നിവേദനത്തിന്റെ പൂർണ്ണരൂപം 

ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി അവർകൾക്ക്,
സാർ, ഇന്ന് കാലത്ത് 5.45നു്  വാട്ട്സാപ്പിൽ ആദ്യമായി വായിച്ച  സന്ദേശം കോഴിക്കോടിന്നടുത്ത പ്രദേശത്തെ ഒരു സുഹൃത്തിന്റെതായിരുന്നു. നമ്മുടെ നാട്ടിൽ. രണ്ട് ദിവസം മുമ്പ് ഒരാൾ മരണപ്പെട്ടു ടെസ്റ്റിൽ നെഗറ്റീവ് ആയിരുന്നു. പക്ഷെ ആശുപത്രിയിൽ നിന്ന് പറഞ്ഞത് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മറവടക്കണമെന്നാണ് . കുളിപ്പിക്കാനോ കഫൻ ചെയ്യാനോ (തുണിയിൽ പൊതിയാനോ )  കാണാനോ കഴിയില്ല. 10 അടി ആഴത്തിൽ ഖബർ കുഴിക്കണം. ജെ.സി.ബി. കിട്ടാൻ നോക്കുന്നുണ്ട്. കിട്ടിയില്ലെങ്കിൽ കണ്ണംപറമ്പിലേക്ക് കൊണ്ട് പോവും. കഷ്ടം തന്നെ.

ഇന്നലെ രാത്രി കൊണ്ടോട്ടിക്കടുത്ത പുളിക്കലിലെ ഒരു സുഹൃത്ത് അറിയിച്ചത് അദ്ദേഹത്തിന്റെ അയൽവാസി ടെറസ്സിൽ നിന്ന് വീണ് പരുക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തുമ്പോഴെക്കും മരണപ്പെട്ടു. ആശുപത്രിക്കാർ കോവിഡ് ടെസ്റ്റ് നടത്താൻ പറഞ്ഞു. നടത്തി. പോസിറ്റീവ് ആയിരുന്നു. കുളിപ്പിക്കാതെ, കഫൻ ചെയ്യാതെ, വേണ്ടപ്പെട്ടവർ ഒരു നോക്ക് കാണാതെ മറവ് ചെയ്യേണ്ടി വന്നു. വേദനാജനകം തന്നെ. 

കഴിഞ്ഞ ആഴ്ച മുക്കത്ത് മരിച്ച ഒരാളുടെ ടെസ്റ്റ് പോസിറ്റീവ് ആയി. പ്രോട്ടോക്കോളിനെ പേടിച്ച് എങ്ങനെയെല്ലാമോ മറവ് ചെയ്തു. പിന്നെ വന്ന  ലാബ് റിസൽട്ട് നെഗറ്റീവ് ആയി. ഇനിയെന്ത് ചെയ്യും. എല്ലാം കഴിഞ്ഞില്ലേ. ഹൃദയഭേദകം തന്നെ. എല്ലാ വിഭാഗത്തിൽ പ്പെട്ടവരുമനുഭവിക്കുന്ന ഒരു വലിയ പ്രശ്നമാണിത്. മൃതദേഹങ്ങളെ അനാദരിക്കരുതെന്നും മതാചാരമനുസരിച്ച് തന്നെ മൃതദേഹം മറവ് ചെയ്യാമെന്ന് ലോകാരോഗ്യ സംഘടനയുടെ  കൊവിഡ് പ്രോട്ടോക്കോൾ പറയുന്നു. കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങൾ മതാചാരപ്രകാരം മറവ് ചെയ്യാനനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഒന്നിലധികം മാർഗ്ഗരേഖകളിലും കാണാം. 

നമ്മുടെ ഭരണഘടനയും മൃതദേഹങ്ങളെ ആദരിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്ന മേൽ പറഞ്ഞ കാര്യങ്ങളൊന്നും ഒരു പ്രോട്ടോക്കോളിലുമില്ലെന്ന് പരിചയസമ്പന്നരായ ആരോഗ്യ വിദഗ്ധർ പറയുന്നു. ഇക്കാര്യങ്ങളെല്ലാം  ബഹുമാന്യരായ മത സംഘടനാ നേതാക്കൾ അങ്ങയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുമുണ്ട്. ഇപ്പോൾ തന്നെ മതാചാരപ്രകാരം മറവ് ചെയ്യാൻ അനുവാദമുണ്ടെന്നും പരാതി വിശദമായി പഠിച്ച ശേഷം അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്നും താങ്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് സന്തോഷത്തിന്ന് വക നൽകുന്ന കാര്യമാണ്. അത് കഴിഞ്ഞിട്ട് നാലു ദിവസമായി. ഇതിന്നിടയിൽ കേരളത്തിൽ പോസിറ്റീവ് ആയ നൂറിലേറെ പേർ മരിച്ചു. ഒരു മാറ്റവുമില്ല.  ആശുപത്രിക്കാർ പോസിറ്റീവും നെഗറ്റീവും പറഞ്ഞ് കഷ്ടപ്പെടുത്തുകയാണ്. 

കൊറോണാക്കാലത്ത് അപകടത്തിലോ മറ്റ് അസുഖങ്ങൾ കൊണ്ടോ പ്രായാധിക്യം മൂലമോ മരിക്കുന്ന എല്ലാവരെയും ടെസ്റ്റ് നടത്തി ക്രൂരമായ നിലയിൽ കുഴിച്ചുമൂടുന്നത്  സഹിക്കാനാവില്ല.  ഈ വിഷയത്തിൽ വ്യക്തമായ ഒരു ഉത്തരവ് താങ്കളിൽ നിന്ന് എത്രയും പെട്ടെന്ന് ഉണ്ടായേ മതിയാവൂ. എല്ലാ മത വിശ്വാസികൾക്കും അവരുടെ മതാചാരപ്രകാരം മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള അവകാശം അനുവദിക്കണം. എല്ലാ മുൻകരുതലുകളും  പാലിച്ച് കൊണ്ട് തന്നെ വളരെ കുറച്ച് ആളുകൾ മാത്രം പങ്കെടുത്ത് കൊണ്ട് അന്ത്യകർമ്മങ്ങൾ നടത്താൻ ബന്ധുക്കളെ അനുവദിച്ചേ മതിയാവൂ.

click me!