കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിൽ തള്ളാൻ ശ്രമിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് കന്യാകുമാരി എസ്പി.
ചെന്നൈ: കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിൽ തള്ളാൻ ശ്രമിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് കന്യാകുമാരി എസ്പി. രണ്ട് ദിവസത്തിനിടെ 4 മലയാളികൾ അടക്കം 9 പേർ ഹോട്ടൽ മാലിന്യം കയറ്റി വന്ന ലോറിയുമായി അറസ്റ്റിലായ പശ്ചാത്തലത്തിൽ ആണ് മുന്നറിയിപ്പ്. തിരുനെൽവേലിക്ക് പകരം കന്യാകുമാരിയിൽ മാലിന്യം തള്ളാൻ ആണ് ഇപ്പോൾ ശ്രമം എന്ന് എസ്പി ആർ. സ്റ്റാലിൻ കുറ്റപ്പെടുത്തി.
മാലിന്യവണ്ടികൾ പിടിക്കാൻ മാത്രമായി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മാലിന്യവുമായി വരുന്ന വാഹനങ്ങളിൽ ഉള്ളവർക്കും ഉടമകൾക്കും എതിരെ കേസെടുക്കുമെന്നും എസ്പി അറിയിച്ചു. അതേസമയം വീണ്ടും മാലിന്യവണ്ടികൾ കേരളത്തിൽ നിന്നെത്തിയ സംഭവം ദേശീയ ഹരിത ട്രൈബ്യൂനലിൽ തമിഴ്നാട് ഉന്നയിക്കുമെന്നാണ് സൂചന. ഈ മാസം 20നാണ് ഇനി കേസ് പരിഗണിക്കുന്നത്.