ശിവശങ്കറിനെതിരെ ഇഡി, സുപ്രീംകോടതിയിൽ സത്യവാങ്മൂലം; ആരോഗ്യ പ്രശ്ങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കരുത്

By Web Team  |  First Published Aug 2, 2023, 7:12 AM IST

ഈ ഘട്ടത്തില്‍ ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന് പ്രശ്നമാകുമെന്നും സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഇഡി ഉയർത്തുന്ന വാദം


തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യം അനുവദിക്കുന്നത് ഏത് വിധേനെയും തടയാൻ എൻഫോഴ്സ്മെന്റ് നീക്കം. ആരോഗ്യ പ്രശ്ങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ലൈഫ് മിഷൻ കേസിൽ ജാമ്യം ആവശ്യപ്പെട്ട് ശിവശങ്കർ നൽകിയ ഹർജിയിലാണ് ഇഡി സത്യവാങ്മൂലം സമർപ്പിച്ചത്. ഈ ഘട്ടത്തില്‍ ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന് പ്രശ്നമാകുമെന്നും സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഇഡി ഉയർത്തുന്ന വാദം. ശിവശങ്കറിന്റെ ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് സത്യവാങ്മൂലം നൽകിയത്.

ലൈഫ് മിഷൻ അഴിമതിക്കേസിൽ കഴിഞ്ഞ ആറ് മാസമായി ജയിലിൽ കഴിയുകയാണ് ശിവശങ്കർ. ലൈഫ് മിഷൻ അഴിമതിക്കേസിലെ കിംങ് പിൻ ശിവശങ്കറാണെന്നാണ് ജാമ്യ ഹർജിയെ എതിർത്ത് വിവിധ കോടതികളിൽ ഇഡി നിലപാടെടുത്തത്. എന്നാൽ സ്വപ്ന സുരേഷ് അടക്കമുളള കൂട്ടു പ്രതികളുടെ മൊഴികൾ മാത്രം കണക്കിലെടുത്താണ് ശിവശങ്കറിനെതിരെ കുറ്റം ചുമത്തിയതെന്നാണ് എതിർ വാദം. ലൈഫ് മിഷൻ അഴിമതിക്കേസിൽ കോഴപ്പണം നേരിട്ട് നൽകിയവരും നേരിട്ട് വാങ്ങിയവരും പുറത്തുനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ തുടരുന്നത്. കഴിഞ്ഞ ഫെബ്രുവരി 14 ന് അറസ്റ്റിലായ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കടുത്ത ശാരീരികാസ്വസ്ഥതകൾ ഉണ്ടെന്നും ശസ്ത്രക്രിയ വേണമെന്നുമാണ് ഹർജിയിൽ പറയുന്നത്. 

Latest Videos

ലൈഫ്മിഷന്‍ കേസിലെ അറസ്റ്റ് രാഷ്ട്രീയ ലക്ഷ്യത്തിന്‍റെ ഭാഗമെന്ന് ശിവശങ്കര്‍, ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്

വിചാരണ ഉടൻ തുടങ്ങുന്നതിനാൽ ശിവശങ്ക‍ർ പുറത്തിറങ്ങുന്നത് കേസിനെ ബാധിക്കുമെന്നും, ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് സ്വർണക്കളളക്കടത്തുകേസിൽ ജാമ്യം നേടി ശിവശങ്കർ തൊട്ടു പിന്നാലെ ജോലിയിൽ പ്രവേശിച്ചുവെന്നും കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നും ഇഡി നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ പ്രതികളുടെ മൊഴികൾ മാത്രം കണക്കിലെടുത്താണ് ഈ കുറ്റപത്രമെന്നും ശിവശങ്കറിന്‍റെ ജാമ്യ ഹർജിയെ ഇ ഡി എതിർക്കുന്നത് കേസ് പൊളിയുമെന്ന ഭയം കൊണ്ടാണെന്നുമാണ് എതിർ വാദം. 

എം ശിവശങ്കറിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി


 


 

click me!