ഡോ ഷഹനയ്ക്ക് ഒപ്പമാണെന്ന് വ്യക്തമാക്കിയാണ് പി ജി അസോസിയേഷൻ റുവൈസിനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കയതായി അറിയിച്ചത്
തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ ഡോക്ടർ റുവൈസിനെതിരെ സംഘടനാ നടപടിയും. മെഡിക്കൽ പി ജി അസോസിയേഷനാണ് ഡോക്ടർ റുവൈസിനെതിരെ സംഘടനാ നടപടി സ്വീകരിച്ചത്. ഡോക്ടർ റുവൈസിനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയതായി മെഡിക്കൽ പി ജി അസോസിയേഷൻ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം പി ജി വിദ്യാർത്ഥിയാണ് റുവൈസ്. ഡോ ഷഹനയ്ക്ക് ഒപ്പമാണെന്ന് വ്യക്തമാക്കിയാണ് പി ജി അസോസിയേഷൻ റുവൈസിനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കയതായി അറിയിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
അതിനിടെ ഷഹനയുടെ മരണത്തിൽ റുവൈസിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയെന്ന് പൊലീസ് വ്യക്തമാക്കി. ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഇയാൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
വിഷയത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനടക്കം സ്വമേധയാ കേസെടുത്തിട്ടുണ്ട്. മെഡിക്കൽ എജുക്കേഷൻ ഡയറക്ടര്‍, ജില്ലാ കളക്ടര്‍, കമ്മീഷണര്‍ എന്നിവരോട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ മാസം 14 ന് നേരിട്ട് ഹാജരായി റിപ്പോർട്ട് നൽകാനാണ് നിര്‍ദ്ദേശം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി വിദ്യാര്‍ത്ഥിയായിരുന്നു ഷെഹന. കഴിഞ്ഞ ദിവസമാണ് ഷഹനയെ ഫ്ലാറ്റിൽ അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡോക്ടര്‍ റുവൈസുമായി ഷെഹന അടുപ്പത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിരുന്നു. ഇതിനിടെ വരൻറെ വീട്ടുകാർ വൻ തുക സ്ത്രീധനം ആവശ്യപ്പെട്ടെന്നാണ് ഷെഹനയുടെ ബന്ധുക്കൾ പറയുന്നത്. താങ്ങാവുന്നതിലും അപ്പുറമുള്ള തുകയായതിനാൽ വിവാഹം മുടങ്ങി. ഇതോടെ ഡോ റുവൈസും വിവാഹത്തിൽ നിന്ന് പിന്മാറി. ഇത് ഷെഹനയെ മാനസികമായ തകർത്തുവെന്നാണ് ഷഹനയുടെ അമ്മയും സഹോദരനും ഇന്ന് വെളിപ്പെടുത്തിയത്.