ഉറ്റവരെ തിരിച്ചറിയാൻ ഡിഎന്‍എ പരിശോധന; സാമ്പിളെടുക്കാൻ മാനസികാരോഗ്യ പ്രോട്ടോകോൾ തയ്യാറെന്നും ആരോഗ്യമന്ത്രി

By Web Team  |  First Published Aug 3, 2024, 7:04 PM IST

തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങള്‍ മാത്രം ലഭിച്ചവയുടെയും സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. 
 


തിരുവനന്തപുരം: ഡിഎന്‍എ സാമ്പിളെടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങള്‍ മാത്രം ലഭിച്ചവയുടെയും സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. 

കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി ആരെങ്കിലും എത്തുമ്പോള്‍ അവരുടെ സാമ്പിളുകള്‍ കൂടി എടുത്ത് ഡിഎന്‍എ പരിശോധന നടത്തിയാല്‍ മരിച്ചത് ആരാണ് എന്നുള്ളത് തിരിച്ചറിയാന്‍ കഴിയും. അതിനുവേണ്ടി ജീവിച്ചിരിക്കുന്നവരുടെ പ്രത്യേകിച്ച് ദുരന്തത്തിന് ഇരയായവരുടെ സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് എടുക്കുമ്പോള്‍ മാനസികമായി അവരെ സജ്ജമാക്കുന്നതിനാണ് മാനദണ്ഡങ്ങള്‍ തയ്യാറാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

Latest Videos

ദുരന്തത്തിന്റെ തീവ്രതയും പ്രിയപ്പെട്ടവരെ സംബന്ധിച്ച ആശങ്കയും വലിയ രീതിയില്‍ അനുഭവിക്കുന്നവരെ മാനസികമായി അതിന് സജ്ജമാക്കുകയും അവരുടെ ഹൃദയവിചാരങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട് എന്താണ് പരിശോധന എന്നുള്ളതും എന്താണതിന്റെ പ്രാധാന്യം എന്നുള്ളതും വളരെ സൗമ്യമായി പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുക എന്നുള്ളതാണ് ഈ മാനദണ്ഡങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

 100 ശതമാനവും വിശ്വസനീയമായ ഒരു പ്രക്രിയയാണ് ഡിഎന്‍എ പരിശോധന. മക്കള്‍, പേരക്കുട്ടികള്‍, മാതാപിതാക്കള്‍, മുത്തച്ഛന്‍ മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങള്‍, അമ്മയുടെ സഹോരങ്ങള്‍ ഫസ്റ്റ് കസിന്‍ തുടങ്ങിയ അടുത്ത രക്ത ബന്ധുക്കളുടെ സാമ്പിളുകള്‍ മാത്രമേ ഡി.എന്‍.എ. പരിശോധനയ്ക്ക് എടുക്കുകയുള്ളൂ.

അടിയന്തര ദുരന്തഘട്ടത്തിലെ കൗണ്‍സിലിങ്ങിന്റെ അടിസ്ഥാന തത്വങ്ങളായ നിരീക്ഷിക്കുക, കേള്‍ക്കുക, സഹായം ലഭ്യമാക്കുക എന്നിവ ഉറപ്പാക്കിയാണ് പ്രോട്ടോകോള്‍ തയ്യാറാക്കിയിരിക്കുന്നത്. അവരുടെ വേദന ഉള്‍ക്കൊണ്ട് ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസവും സഹാനുഭൂതിയോടെയുള്ള സമീപനവും ഉറപ്പുവരുത്തണം. അവരോട് കൂടുതല്‍ സംസാരിക്കാനോ വിവരങ്ങള്‍ പങ്കിടാനോ നിര്‍ബന്ധിക്കരുത്. എന്നാല്‍ അവര്‍ക്ക് സംസാരിക്കാന്‍ ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുകയും വേണം.

'അനാഥരായി എന്ന് തോന്നുന്ന മക്കളുണ്ടെങ്കിൽ എനിക്ക് തരുമോ മേഡം'; ഹൃദയം തൊട്ട കമന്‍റിന് മറുപടിയുമായി മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!