അസംഘടിതര്‍ എന്ന തൻ്റെ ചലച്ചിത്രം മേളയിൽ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കി എന്ന് പരാതിയുമായാണ് കുഞ്ഞില പ്രതിഷേധിച്ചത്.
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ പ്രതിഷേധിച്ച യുവസംവിധായകയെ പൊലീസ് കസ്റ്റഡിയിൽ. ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിലെത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ യുവ സംവിധായക കുഞ്ഞില മാസിലമണിയെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അസംഘടിതര്‍ എന്ന തൻ്റെ ചലച്ചിത്രം മേളയിൽ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കി എന്ന് പരാതിയുമായാണ് കുഞ്ഞില പ്രതിഷേധിച്ചത്. സർക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമർശിച്ചും കെകെ രമ എംഎൽഎയെ പിന്തുണച്ചും കുഞ്ഞില മുദ്രാവാക്യം മുഴക്കി. ഒടുവിൽ നാല് വനിതാ പൊലീസുകാര്‍ ചേര്‍ന്ന് കുഞ്ഞിലയെ വേദിയിൽ നിന്നിറക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
'ചലച്ചിത്ര അക്കാദമിയിൽ ഏകാധ്യപത്യം'; മുഖ്യമന്ത്രിക്ക് അക്കാദമി അംഗത്തിന്റെ കത്ത് കുഞ്ഞിലയ്ക്ക് പിന്തുണ; ഡെലിഗേറ്റ് കാർഡ് തിരിച്ചേൽപ്പിക്കുന്നുവെന്ന് പ്രതാപ് ജോസഫ്തിരുവനന്തപുരം: വനിത ചലച്ചിത്രമേളയില്‍ നിന്ന് കുഞ്ഞിലയുടെ സിനിമ തഴഞ്ഞതിൽ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തിൽ കുഞ്ഞിലക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ പ്രതാപ് ജോസഫ്. ചലച്ചിത്ര മേളയുടെ നടത്തിപ്പ് ജനാധിപത്യരീതിയിൽ അല്ലെന്നും പ്രതാപ് ജോസഫ് ആരോപിച്ചു.
സംവിധായിക കുഞ്ഞിലയോട് സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചും സിനിമ പിൻവലിക്കാനുള്ള വിധു വിൻസെന്റിന്റെ നിലപാടിൽ ഐക്യപ്പെട്ടും വനിതാ ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് കാർഡ് തിരിച്ചേല്പിക്കുകയാണ്. ഇനി ഈ ഫെസ്റ്റിവലിന്റെ ഭാഗമായിരുന്ന് സിനിമ കാണാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും പ്രതാപ് ജോസഫ് പറഞ്ഞു.
2017 മാർച്ചിലാണ് ആദ്യത്തെ വനിതാ ചലച്ചിത്ര മേള സംഘടിപ്പിക്കപ്പെടുന്നത്. അഞ്ചുവർഷം കഴിഞ്ഞിട്ടും ഇത് ജനാധിപത്യ രീതിയിൽ നടത്തണമെന്ന് മാറിമാറിവന്ന തമ്പുരാക്കന്മാർക്ക് തോന്നിയിട്ടില്ലെങ്കിൽ ഇതല്ലാതെ വേറെ വഴിയില്ല. മേളയുടെ ഡെലിഗേറ്റ് കാർഡ് തിരിച്ചേൽപ്പിക്കുന്നു. ഇനി മേളയിൽ സിനിമ കാണില്ലെന്നും സംവിധായകൻ പറഞ്ഞു.
കുഞ്ഞിലക്ക് പിന്തുണ അറിയിച്ച് വനിത ചലച്ചിത്രമേളയില്‍ നിന്ന് വിധു വിന്‍സെന്‍റ് സിനിമ പിന്‍വലിച്ചിട്ടുണ്ട്. മേളയിലെ നാല് മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു വിധുവിന്‍റെ വൈറല്‍ സെബി. കുഞ്ഞിലയുടെ സിനിമ തഴഞ്ഞതില്‍ അക്കാദമി വാദം തള്ളുകയാണെന്നും വിധു അറിയിച്ചു.
വിധു വിന്‍സെന്‍റിന്റെ പോസ്റ്റ്
വനിതാ ഫെസ്റ്റിവലിൽ നിന്ന് എന്‍റെ സിനിമ വൈറൽ സെബി പിൻവലിക്കുന്നു. ശ്രീ എന്‍ എം ബാദുഷ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത വൈറൽ സെബി എന്ന ചിത്രം17 th July 2022 ,10 മണിക്ക് കോഴിക്കോട് ശ്രീ തീയേറ്ററിൽ പ്രദർശിപ്പിക്കാനിരിക്കുന്ന വിവരം നേരത്തേ ഒരു പോസ്റ്റിലൂടെ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. വനിതാ ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ നിർഭാഗ്യകരമായ ചില സംഭവങ്ങളെ തുടർന്ന് എന്‍റെ ചിത്രം വനിതാ ഫെസ്റ്റിവലിൽ നിന്ന് പിൻവലിക്കുകയാണെന്ന വിവരം അറിയിക്കുന്നു. ഇക്കാര്യം ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
കാരണങ്ങൾ -
1. വനിതാ ഫിലിം ഫെസ്റ്റിവലിൽ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന്‍റെ മാനദണ്ഡങ്ങൾ സംബന്ധിച്ച് കുഞ്ഞില ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തമാണെന്ന് ഞാനും കരുതുന്നു. അതിനുള്ള ഉത്തരങ്ങൾ എന്തു തന്നെയായാലും അക്കാര്യത്തിൽ പ്രതിഷേധിക്കാനും പ്രതികരിക്കാനും ഉള്ള സിനിമാ പ്രവർത്തകരുടെ / ആസ്വാദകരുടെ അവകാശങ്ങളെ വകവച്ചു കൊണ്ട് തന്നെയാണ് നാളിതുവരെയും മേളകൾ നടത്തിയിട്ടുള്ളത്. കുഞ്ഞിലയെ പോലെ ഒരു വനിതാ സംവിധായികയെ അറസ്റ്റ് ചെയ്ത് നീക്കുകയും അവരെ ആശുപത്രിയിലാക്കുകയും ചെയ്തത് പോലുള്ള നടപടികൾ ഇത്തരം മേളകൾക്ക് ഒട്ടും ഭൂഷണമല്ല. പ്രതിഷേധിക്കുന്നവരുടെ നേർക്കുള്ള ഫാസിസ്റ്റ് നടപടിയായി മാത്രേമേ ഇതിനെ കരുതാനാവുകയുള്ളു. ഇക്കാര്യത്തിൽ ഞാൻ കുഞ്ഞിലക്ക് ഒപ്പം നില്ക്കാൻ ആഗ്രഹിക്കുന്നു.
2. സമം പരിപാടിയുമായി സഹകരിച്ച് വനിതാ ഫെസ്റ്റിവലിൽ വനിതാ സിനിമാ പ്രവർത്തകരെ ആദരിക്കാൻ തീരുമാനിച്ചതിലും കുഞ്ഞില ഉൾപ്പെട്ടിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. കേരളത്തിലെ ഒരു വനിതാ സംവിധായിക എന്ന നിലയ്ക്കും കോഴിക്കോട് സ്വദേശിയായ സംവിധായിക എന്ന നിലയ്ക്കും കുഞ്ഞിലയും ഈ ആദരിക്കൽ ചടങ്ങിൽ ക്ഷണിക്കെപ്പെടേണ്ടതായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. അതും സംഭവിച്ചിട്ടില്ല. (പുഴു എന്ന ചിത്രത്തിന്‍റെ സംവിധായികയും കോഴിക്കോട്ടുകാരിയായിട്ടും ഈ ആദരിക്കൽ ചടങ്ങിൽ ഉൾപ്പെടുത്തിയതായി കാണുന്നില്ല.) അക്കാദമി ഇതിന് നല്‍കുന്ന വിശദീകരണം കോഴിക്കോട്ടുള്ള അഭിനേത്രികളെ ആദരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത് എന്നാണ്. സംവിധായകരെ ഉദ്ദേശിച്ചിരുന്നില്ല എന്നും. ഒരു സ്ത്രീ സിനിമ എടുക്കാൻ തീരുമാനിക്കുന്നതും അവളത് ചെയ്യുന്നതും അതിൽ തുടരുന്നതും ആദരിക്കപ്പെടേണ്ട ഒരു പ്രവൃത്തിയായി വനിതാ ഫെസ്റ്റിവലിന്‍റെ സംഘാടകർക്ക് തോന്നിയില്ലെങ്കിൽ അത് ലജ്ജാകരം എന്ന് മാത്രമേ പറയാനുള്ളൂ.
അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ പ്രതിഷേധം: സംവിധായിക കുഞ്ഞില കസ്റ്റഡിയിൽ
3. കേരളത്തിലെ വനിതാ സംവിധായകർ വിരലിൽ എണ്ണാവുന്നവരേയുള്ളൂ എന്ന കാര്യം അക്കാദമിക്കും ബോധ്യമുള്ളതാണല്ലോ. അവരുടെ വലുതും ചെറുതുമായ ശ്രമങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പകരം അവരുടെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും ചോർത്തി കളയുന്ന നടപടികളാണ് അക്കാദമിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല.
4. കുഞ്ഞിലയുടെ ചിത്രം ഉൾപ്പെടുത്താഞ്ഞതിനുള്ള വിശദീകരണം അവരുടെ ചിത്രം ആന്തോളജിയുടെ ഭാഗമായുള്ള ഷോട്ട് ഫിലിം ആണെന്നതാണ്. അങ്ങനെയെങ്കിൽ മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഷോട്ട് ഷിക്ഷന്‍ വിഭാഗത്തിൽ അത് പ്രദർശിപ്പിക്കാമായിരുന്നില്ലേ? അക്കാദമിയുടെ മറ്റൊരു വിശദീകരണം റിലീസ് ചെയ്യാത്ത ചിത്രങ്ങൾക്കാണ് പ്രാധാന്യം നല്‍കിയത് എന്നാണ്. അതേസമയം ഇന്ത്യൻ സിനിമാ വിഭാഗത്തിൽ OTT യിൽ റിലീസ് ചെയ്ത ചിത്രങ്ങള്‍ ഉൾപ്പെട്ടിട്ടുണ്ട്. അപ്പോ മലയാളത്തിൽ ചിത്രങ്ങൾ ചെയ്യുന്ന വനിതാ സംവിധായകരുടെ നേർക്കാണ് മാനദണ്ഡങ്ങളുടെ ദണ്ഡ പ്രയോഗം .മുകളിൽ പറഞ്ഞ ഈ കാരണങ്ങളാൽ ഈ മേളയിൽ നിന്ന് വിട്ടു നില്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം എന്‍റെ സിനിമ പിൻവലിക്കാനും. "ഒരു സ്ത്രീ നട്ടെല്ലുയർത്തി നേരേ നില്‍ക്കാന്‍ തീരുമാനിച്ചാൽ അവളത് ചെയ്യുന്നത് അവൾക്ക് വേണ്ടി മാത്രമല്ല ചുറ്റുമുള്ള അനേകം സ്ത്രീകൾക്ക് വേണ്ടി കൂടിയാണ്. " - മായ ആഞ്ജലോയോട് കടപ്പാട്