'വീട്ടിൽ ഇരിക്കുന്ന അമ്മമാരെ പോലെ ആഹാരം തരാനോ മുടി ചീവിക്കെട്ടാനോ ഡിഗ്രി വരെ അമ്മയ്ക്ക് പറ്റിയിട്ടില്ല'
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ പൊതുപരിപാടിക്കിടെ മകനെ മടിയിലിരുത്തിയുള്ള ചിത്രത്തെ വിമർശനം നടത്തിയവർക്ക് മറുപടിയുമായി സാമൂഹ്യ പ്രവർത്തക ധന്യാ രാമൻ രംഗത്ത്. സ്വന്തം അനുഭവം പങ്കുവച്ചാണ് ധന്യയുടെ കുറിപ്പ്. നാലു വയസുള്ളപ്പോൾ അമ്മയ്ക്ക് പണിക്ക് പോകേണ്ടി വന്നപ്പോൾ മുതലുള്ള സാഹചര്യം ധന്യ വിവമരിച്ചിട്ടുണ്ട്. അമ്മ ജീവിച്ചിരിക്കെ കിട്ടുന്ന സ്നേഹം എവിടെന്നും കിട്ടില്ലെന്നും കിട്ടാവുമ്പോഴൊക്കെ അത് പകരാനും വാങ്ങാനും ഓരോ കുഞ്ഞിനും കഴിയട്ടെയെന്നും കുറിച്ച ധന്യാ രാമൻ ഓരോ തൊഴിലിടത്തോടും ചേർന്ന് കുഞ്ഞിനെ പരിപാലിക്കാനുള്ള സ്ഥലം ഉണ്ടായിരിക്കണം എന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. ദിവ്യ ഐ എ എസിനോടൊപ്പം എല്ലാ അമ്മമാർക്കും പിന്തുണയെന്നും ധന്യ ഫേസ്ബുക്കിൽ കുറിച്ചു.
ധന്യാ രാമന്‍റെ കുറിപ്പ്
എന്റെ നാലു വയസുള്ളപ്പോൾ അമ്മയ്ക്ക് പണിക്ക് പോകേണ്ടത് കൊണ്ട് കസിൻസ് ന്റെ കൂടെ വെറുതെ കള്ളാർ LP സ്കൂളിൽ അയച്ചു.ധന്യക്കു അക്ഷരങ്ങൾ എല്ലാം അറിയാം യശോധ, അതുകൊണ്ട് ഇവിടെ ചേർത്തേക്ക് എന്ന് ഹെഡ്മിസ്ട്രെസ് ത്രേസ്സിയാമ്മ ടീച്ചർ പറഞ്ഞപ്പോൾ അച്ചന്റെ പെങ്ങൾ ജാനുവാന്റി സ്കൂളിൽ കൊണ്ടു ചേർത്തു.
ലക്ഷം വീട് കോളനിയിലെ മണ്ണിന്റെ ഭിത്തിയുള്ള പുല്ലിട്ട വീട്ടിൽ നിന്നാണ് ഞാൻ ഒന്നാം ക്ലാസിൽ പോകുന്നത്. അമ്മ ആദ്യം കൺസ്ട്രക്ഷൻ സൈറ്റിൽ പണിക്കു പോകും. സ്വന്തമായി ഉടുപ്പിട്ട് തലമുടി ഒതുക്കി ബാസ്കറ്റിൽ കഞ്ഞിക്കുള്ള പാത്രവും പുസ്തകവും എടുത്തു ഞാൻ എത്രയോ തവണ വഴിനീളെ കരഞ്ഞു കൊണ്ട് ഇറങ്ങി പോയിട്ടുണ്ട് . വീട്ടിൽ ഇരിക്കുന്ന അമ്മമാരെ പോലെ ആഹാരം തരാനോ മുടി ചീവിക്കെട്ടാനോ ഡിഗ്രി വരെ അമ്മയ്ക്ക് പറ്റിയിട്ടില്ല. സ്കൂളിൽ പോകും മുൻപേ കോളേജിന്റെ കൺസ്ട്രക്ഷൻ സൈറ്റിൽ അമ്മയെ ഒന്നു കാണാൻ ഒരുപാട് ദിവസം പോയിട്ടുണ്ട്. വിയർത്തു കുളിച്ചു മണ്ണോടെ അമ്മ തോർത്തു കൊണ്ടു വിയർപ് ഒപ്പി ചിലപ്പോഴെങ്കിലും വന്നിട്ടുണ്ട്. തിരിച്ചറിവ് ആകും തോറും മിക്സർ മെഷീൻ ഉം ഹോയ്സ്റ്റിനും പകരം ചുമടെടെത്തു നടക്കുന്ന അമ്മ കടുത്ത വേദന ആയി.
അമ്മ വീട്ടിൽ ഇല്ലാത്ത സമയം അനുഭവിച്ചവർക്കേ അറിയൂ. ചിലപ്പോ ശെനിയും ഞായറും പണിക്ക് പോകും അല്ലെങ്കിൽ പ്ലാന്റേഷൻ ലു വിറക് എടുക്കാൻ പോകും. എത്രയോ ആഗ്രഹിച്ച നിമിഷങ്ങളിൽ അവരെ നഷ്ടപ്പെട്ടു തന്നെയാണ് വളർന്നത്. 23 വയസ് വരെ അവരുടെ നെഞ്ചിൽ മുഖം വച്ചാണ് എന്നെ ഉറക്കിയതും ഉണർത്തിയത്തും. ആ നെഞ്ചിലെ നനഞ്ഞ കണ്ണീരും വിയർപ്പിന്റെ മണവും എനിക്ക് തൊഴിലെടുത്തു ജീവിക്കാനുള്ള പ്രചോദനം ആണ്. അമ്മ ജീവിച്ചിരിക്കെ കിട്ടുന്ന ഈ സ്നേഹം എവിടെന്നും കിട്ടില്ല. കിട്ടാവുമ്പോഴൊക്കെ അത് പകരാനും വാങ്ങാനും ഓരോ കുഞ്ഞിനും കഴിയട്ടെ. ഓരോ തൊഴിലിടത്തോടും ചേർന്നു എവിടെയും ആയിക്കോട്ടെ കുഞ്ഞിനെ പരിപാലിക്കാനുള്ള space ഉണ്ടായിരിക്കണം എന്നാണ് എന്റെ ആഗ്രഹം.
എന്റെ കുഞ്ഞിനെ ഒരു നിമിഷം പോലും പിരിയാൻ ആഗ്രഹം ഇല്ലാത്ത ഒരാളാണ് ഞാൻ. കുഞ്ഞിലേ അവനെ ഉറങ്ങിയാൽ ഓഫിസിലായാലും സൈറ്റിൽ ആയാലും ബീൻ ബാഗിലോ മടിയിലോ അവനെ ഉറക്കി തന്നെയാണ് ജോലി ചെയ്തിട്ടുള്ളത്.
അതിലുപരി കാസറഗോഡ് ഒരു ലക്ഷം വീട് കോളനിയിൽ നിന്നു തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നു എന്റെ കാറിൽ എന്റെ വില്ല പ്രൊജക്റ്റ് ന്റെ കൺസ്ട്രക്ഷൻ സൈറ്റിൽ വന്നിറങ്ങി ജോലി ചെയ്യുന്നവരോടൊപ്പം വന്നു നിന്നു ജോലി ചെയ്യുമ്പോൾ എനിക്കന്നു കിട്ടാത്ത ആ കൂലി പ്പണിക്കാരിയുടെ മകളുടെ പരിഗണന എന്റെ മകൻ ഈ സൈറ്റിൽ വന്നു നിൽക്കുമ്പോൾ കിട്ടുന്നത് അല്ല നേടിക്കൊടുത്തത് എന്തിനെക്കാളും ഉപരി ഒരു നിർവൃതി തരുന്നു. അതിലപ്പുറം എല്ലാ കുഞ്ഞുങ്ങൾക്കും അമ്മയുടെ നെഞ്ചിലെ സ്നേഹം കിട്ടി വളരാനുള്ള സാഹചര്യം ഉണ്ടാകട്ടെ.
ദിവ്യ IAS നോടൊപ്പം എല്ലാ അമ്മമാർക്കും പിന്തുണ.