ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി; മുന്‍ ഡിജിപി സിബി മാത്യുസിനെതിരെ പൊലീസ് കേസെടുത്തു

By Web Team  |  First Published Jun 15, 2024, 7:50 AM IST

മുന്‍ എസ് പി ജോഷ്വോ നല്‍കിയ പരാതിയിൽ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്.


തിരുവനന്തപുരം: മുന്‍ ഡിജിബി സിബി മാത്യൂസിനെതിരെ പൊലീസ് കേസെടുത്തു. സര്‍വീസ് സ്റ്റോറിയിൽ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളുപ്പെടുത്തിയെന്ന പരാതിയിലാണ് സിബി മാത്യൂസിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ എസ് പി ജോഷ്വോ നല്‍കിയ പരാതിയിൽ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. ജോഷ്വോ നല്‍കിയ പരാതി ആദ്യം മണ്ണന്തല പൊലീസ് അന്വേഷിച്ച് തള്ളിയിരുന്നു. പിന്നീട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി കേസെടുക്കാൻ നിര്‍ദേശം നല്‍കിയത്.

സൂര്യനെല്ലി പീഡനക്കേസിലെ ഇരയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിലാണ് ഹൈക്കോടതി സിബി മാത്യൂസിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ നിര്‍ദേശം നല്‍കിയത്. സിബി മാത്യൂസിന്‍റെ നിർഭയം എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് കേസ്. സൂര്യനെല്ലിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു പരാതിക്കാരനായ കെകെ ജോഷ്വ.

Latest Videos

പുസ്തകത്തിലെ വെളിപ്പെടുത്തലിൽ അന്വേഷണം വേണ്ടെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട് അസാധുവാക്കിക്കൊണ്ടാണ് ഹൈക്കോടതി കേസെടുക്കാൻ നിര്‍ദേശിച്ചത്. കെ കെ ജോഷ്വയുടെ പരാതി വീണ്ടും പരിശോധിച്ച് നടപടിയെടുക്കാനാണ് മണ്ണന്തല പൊലീസിന് കോടതി നി‍ർദേശം നല്‍കിയത്. തുടര്‍ന്നാണിപ്പോള്‍ പൊലീസ് സിബി മാത്യൂസിനെതിരെ കേസെടുത്തത്. 1996ലായിരുന്നു സൂര്യനെല്ലികേസിന് ആസ്പദമായ സംഭവം നടന്നത്.

അതേസമയം, കേസെടുക്കണമെന്ന വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സിബി മാത്യൂസ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ഒരിക്കൽ ഹൈകോടതി പരിഗണിച്ച കേസാണിത്. ഇപ്പോൾ മറ്റൊരു ബെഞ്ചാണ് കേസെടുക്കണം എന്ന് വിധിച്ചിരിക്കുന്നതെന്നും സിബി മാത്യൂസ് പറഞ്ഞു.

സബ് ട്രഷറി തട്ടിപ്പ്; മരിച്ച 3 പേരുടെ അക്കൗണ്ടിൽ നിന്നും പണം തട്ടി, കൂടുതൽ പേർക്ക് പണം നഷ്ടമായതായി കണ്ടെത്തി

 

click me!