മുംതാസ് അലിയുടെ മരണം ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ചതിന്‍റെ സമ്മർദ്ദം സഹിക്കാനാവാതെയെന്ന് പൊലീസ്

By Web Team  |  First Published Oct 8, 2024, 9:53 AM IST

പുലർച്ചെ കുടുംബ ഗ്രൂപ്പിൽ അയച്ച മെസേജിൽ നിന്നാണ് ഈ സൂചന ലഭിച്ചത്. ഇനി തിരിച്ച് വരില്ലെന്ന് മകൾക്ക് അയച്ച മെസേജും പൊലീസിന് കൈമാറി.


മംഗളുരു: മംഗളുരുവിൽ നിന്ന് കാണാതായ പ്രമുഖ വ്യവസായി ബി.എം മുംതാസ് അലിയുടെ മൃതദേഹം കുലൂർ പാലത്തിന് കീഴെ ഫാൽഗുനിപ്പുഴയിൽ കണ്ടെത്തി. തന്നെ ഹണി ട്രാപ്പിൽപ്പെടുത്താൻ ഒരു സംഘം ശ്രമിച്ചെന്ന് കുടുംബ ഗ്രൂപ്പിൽ മെസേജ് അയച്ചിരുന്നു. ഇത് പ്രകാരം ഒരു സ്ത്രീ ഉൾപ്പടെ ആറ് പേർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ഞായറാഴ്ച പുലർച്ചെയാണ് മുംതാസ് അലി കുലൂർ പാലത്തിന് മുകളിൽ നിന്ന് ഫാൽഗുനിപ്പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. വിവരം കിട്ടിയതിന് പിന്നാലെ പൊലീസും ഫയർഫോഴ്സും ഉൾപ്പടെയുള്ളവര്‍ രക്ഷപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങി. ഇരുട്ടുന്നത് വരെ തെരച്ചിൽ നടത്തിയെങ്കിലും മുംതാസ് അലിയെ കണ്ടെത്താനായിരുന്നില്ല. പാലത്തിന് 15 മീറ്റർ അകലെയായി തിങ്കളാഴ്ച രാവിലെയാണ് മുംതാസ് അലിയുടെ മൃതദേഹം പൊങ്ങിയത്. ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ഒരു സംഘം ശ്രമിച്ചതിന്‍റെ സമ്മർദ്ദം സഹിക്കാനാവാതെയാണ് മുംതാസ് അലി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ. 

Latest Videos

undefined

ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ബൈക്കംപാടിയിലെ വീട്ടിൽ നിന്ന് ബിഎംഡബ്ല്യു കാറിൽ മുംതാസ് അലി ഇറങ്ങിയിരുന്നു. എംസിഎഫ് യൂണിറ്റിനടുത്തു വെച്ച് ഒരു ബസിന്‍റെ പിറകിൽ ഈ കാര്‍ ഇടിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. പിന്നീടാണ് വാട്‍സാപ്പിലെ കുടുംബ ഗ്രൂപ്പിൽ, തന്നെ ഒരു സ്ത്രീയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്ന സംഘത്തെക്കുറിച്ച്, മുംതാസ് അലി പുലർച്ചെ പങ്ക് വെച്ച മെസേജ് കുടുംബാംഗങ്ങൾ പൊലീസിന് കൈമാറുന്നത്. 

താൻ ഇനി തിരിച്ച് വരില്ലെന്ന് മകൾക്കയച്ച മെസേജും പൊലീസ് പരിശോധിച്ചു. ഈ മെസേജുകൾ അയച്ച മൊബൈൽ ഫോൺ കാറിൽ നിന്ന് പൊലീസ് കണ്ടെത്തി. പുലർച്ചെ പാലത്തിൽ നിന്ന് മുംതാസ് അലി ചാടിയത് കണ്ട ഒരു ടാക്സി ഡ്രൈവറുടെ മൊഴിയും നിർണായകമായി. ഇതോടെയാണ് ആത്മഹത്യയെന്ന് പൊലീസ് ഉറപ്പിച്ചത്. തുടർന്ന് അന്വേഷണം മെസേജിൽ പറഞ്ഞിരിക്കുന്നവരിലേക്ക് നീണ്ടു. 

മംഗളുരു സ്വദേശികളായ റൈഹാനത്ത് ഷുഹൈബ്, ഇവരുടെ ഭർത്താവ് ഷുഹൈബ്, അബ്ദുൽ സത്താർ, കലന്തർ ഷാഫി, മുഹമ്മദ് മുസ്തഫ, മുഹമ്മദ് സിറാജ് സലാം എന്നിവർക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾ നിലവിൽ ഒളിവിലാണ്. ഇവർ രാജ്യം വിടാതിരിക്കാൻ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!