'വികസിത രാജ്യങ്ങളോട് കിടപിടിയ്ക്കുന്ന കേരളത്തിൽ ഇത് ആവർത്തിക്കരുത്'; നിയമനിർമാണം ആവശ്യപ്പെട്ട് കെജിഎംഒഎ

Published : Apr 09, 2025, 01:10 PM IST
'വികസിത രാജ്യങ്ങളോട് കിടപിടിയ്ക്കുന്ന കേരളത്തിൽ ഇത് ആവർത്തിക്കരുത്'; നിയമനിർമാണം ആവശ്യപ്പെട്ട് കെജിഎംഒഎ

Synopsis

അശാസ്ത്രീയ ചികിത്സാരീതികൾക്കെതിരെ ശക്തമായ നിയമനിർമ്മാണം വേണമെന്ന് സംഘടന ആവശ്യപ്പെട്ടു.

കൊച്ചി: മലപ്പുറത്ത് വീട്ടിൽ നടന്ന പ്രസവത്തിൽ യുവതി മരിക്കാൻ ഇടയായ സാഹചര്യം സംബന്ധിച്ച് സംഘടന ശക്തമായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ പുരോഗമിച്ച ഈ കാലഘട്ടത്തിലും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത  ചികിത്സാരീതികൾക്ക് ആളുകൾ വിധേയരാകാൻ തയ്യാറാകുന്നു എന്നത് വളരെ ഗൗരവത്തോടുകൂടി കാണേണ്ട വിഷയമാണ്. ഇത്തരം കുറ്റകരമായ നിലപാടുകൾക്കെതിരെ ശക്തമായ നിയമനിർമാണം ഉണ്ടാവണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

ആഗോളതലത്തിൽ തന്നെ ആരോഗ്യ സംബന്ധിയായ സൂചികകളിൽ, വിശിഷ്യാ മാതൃ-ശിശു മരണ നിരക്കുകളിൽ, വികസിത രാജ്യങ്ങളോട് കിടപിടിയ്ക്കുന്ന തരത്തിൽ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണ് കേരളം. പൊതുജനാരോഗ്യരംഗത്ത് വർഷങ്ങളായി നാം ആർജിച്ചെടുത്ത  ഈ നേട്ടത്തിന്റെ ഗുണഫലങ്ങൾ ഇവിടുത്തെ ഓരോ പൗരന്റെയും അവകാശമാണ്.  

എന്നാൽ ചില തല്പരകക്ഷികളുടെ നിഷേധാത്മക നിലപാടുകൾ കേരളീയർക്ക് നിലവാരമുള്ള ചികിത്സ നിഷേധിക്കപ്പെടുന്നതിനും വിലപ്പെട്ട മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. പ്രതിവർഷം നടക്കുന്ന മൂന്ന് ലക്ഷത്തോളം പ്രസവങ്ങളിൽ ഭൂരിഭാഗവും ആശുപത്രികളിൽ ആണെങ്കിലും ഇന്നും അഞ്ഞൂറോളം പ്രസവങ്ങൾ വീടുകളിൽ നടക്കുന്നു എന്ന കണക്ക് ആശങ്കപ്പെടുത്തുന്നതാണ്. 

അറിഞ്ഞോ അറിയാതെയോ  അശാസ്ത്രീയമായ ചികിത്സാരീതികളിലേക്ക് ആളുകൾ ആകർഷിക്കപ്പെടുന്നത്  ഇതിന് ഒരു പ്രധാന കാരണമാണ്. ഗർഭാവസ്ഥയിലും ജനിച്ചുവീണു കഴിഞ്ഞും കൃത്യമായ വൈദ്യസഹായം ലഭിക്കുക എന്നതും ആരോഗ്യത്തോടെ സമൂഹത്തിൽ ജീവിക്കുക എന്നതും ഓരോ കുഞ്ഞിന്റെയും അവകാശമാണ്. ഈ അവകാശം നിഷേധിക്കുന്ന കുറ്റവാളികൾക്കെതിരെ കർശനമായ നിയമനടപടി ഉറപ്പാക്കുന്ന തരത്തിൽ ശക്തമായ നിയമനിർമ്മാണം ഇക്കാര്യത്തിൽ ആവശ്യമാണ്. ഇതിനായി അടിയന്തര ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്.

പൊതുജനാരോഗ്യ രംഗത്ത് നാം കൈവരിച്ച നേട്ടങ്ങൾ നിലനിറുത്തുക എന്നത് ഏറെ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. വികസിത രാജ്യങ്ങളോട് താരതമ്യപ്പെടുത്താവുന്ന തരത്തിൽ നാം കൈവരിച്ച നേട്ടങ്ങൾ തുടർന്നുകൊണ്ടു പോകുന്നതിന് ആരോഗ്യ രംഗത്ത് സർക്കാരിന്‍റെ പങ്കാളിത്തവും നിക്ഷേപവും ഗണ്യമായ തോതിൽ വർദ്ധിപ്പിക്കേണ്ടതുണ്ട്. തടയാവുന്ന മാതൃ- ശിശുമരണങ്ങൾ അവസാനിപ്പിക്കുന്നതിനായി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പ്രചരണ പരിപാടികൾക്ക് ലോകാരോഗ്യ സംഘടന "ആരോഗ്യകരമായ തുടക്കം - പ്രതീക്ഷാനിർഭരമായ ഭാവി " എന്ന തലക്കെട്ടിൽ ലോകാരോഗ്യ ദിനമായ ഏപ്രിൽ 7 ന് തുടക്കം കുറിച്ചിരിക്കുകയാണ്. 

ഈ സന്ദർഭത്തിൽ കൂടുതൽ മെച്ചപ്പെട്ടതും കാര്യക്ഷമമായതും ആയ രീതിയിൽ മാതൃ-ശിശു പരിരക്ഷ നടപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഓരോ ജില്ലയിലും  മികച്ച അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ  ഡെലിവറി പോയിന്‍റുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് സംഘടന മുൻപ് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ ഈ അവസരത്തിൽ കൂടുതൽ പ്രസക്തമാണ്. ആവശ്യമായ ഭൗതിക സാഹചര്യങ്ങളും, മാനവവിഭവ ശേഷിയും ഉറപ്പുവരുത്തിക്കൊണ്ട് 24 X 7 ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ , അനസ്തേഷ്യോളജിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാകുന്ന ഡെലിവറി പോയിൻ്റുകൾ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്.

തുടർച്ചയായ ബോധവൽക്കരണം കൊണ്ട് പൊതു സമൂഹത്തെ ശാക്തീകരിച്ചും, ആരോഗ്യ രംഗത്ത് നാം കൈവരിച്ച മികവാർന്ന നേട്ടങ്ങൾക്ക് തുരങ്കം വെയ്ക്കുന്ന പ്രതിലോമശക്തികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ ശക്തമായ നിയമനിർമ്മാണം നടപ്പാക്കിയും , പൊതുജനാരോഗ്യ രംഗത്ത് കൂടുതൽ ഉൾക്കാഴ്ചയോടെയുള്ള നിക്ഷേപങ്ങൾ ഉറപ്പാക്കിയും മുന്നോട്ട് പോകണമെന്ന് സംഘടന സർക്കാരിനോട് ആവശ്യപ്പെടുകയും ക്രിയാത്മകമായ സഹകരണം ഉറപ്പു നൽകുകയും ചെയ്യുന്നുവെന്ന് കെജിഎംഒഎ വാര്‍ത്താ കുറിപ്പിൽ അറിയിച്ചു. 

സുരേഷ് ഗോപിയുടെ ഫണ്ട് വേണോ, അതോ എംഎൽഎയുടെ വേണോ? ആകെപ്പാടെ പൊല്ലാപ്പ്, 'പണി' കിട്ടിയത് 80 കുടുംബങ്ങൾക്ക്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി
വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്