ചക്രവാതച്ചുഴി; നാളെ 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത, 13നും 14നും ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കും

By Web Desk  |  First Published Jan 10, 2025, 5:26 PM IST

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 


തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. എന്നാൽ, ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. 

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. കേരളത്തിൽ ജനുവരി 13, 14 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനമനുസരിച്ച് വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. 

Latest Videos

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 12ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും 13നും 14നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയ മഴ ലഭിച്ചേക്കുമെന്നുമാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. 

ഇന്ന് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, അതിനോട്‌ ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 11നും 12നും തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട്‌ ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55  കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

READ MORE: 'തെറ്റുകൾ സംഭവിക്കാം...ദൈവമല്ല, ഞാനും മനുഷ്യനാണ്'; പോഡ്കാസ്റ്റിൽ അരങ്ങേറ്റം കുറിച്ച് പ്രധാനമന്ത്രി

click me!