'മകളാ പറഞ്ഞത് നമ്മുടെ സാറയാ പോയതെന്ന്, തിരിച്ചറിയാൻ പോലുമായില്ലെന്ന്': നടുക്കം മാറാതെ സാറ തോമസിന്‍റെ ബന്ധുക്കൾ

By Web Team  |  First Published Nov 26, 2023, 9:36 AM IST

അപകട വാര്‍ത്ത ടിവിയില്‍ കണ്ടപ്പോള്‍ സാറാ തോമസിനെ വിളിച്ചുനോക്കിയെന്നും കിട്ടിയില്ലെന്നും ബന്ധു


കോഴിക്കോട്: കുസാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങളെ സംബന്ധിച്ച് സംഭവിച്ചത് ഓര്‍ക്കാപ്പുറത്തുള്ള ആഘാതമാണ്. അപകട വാര്‍ത്ത ടിവിയില്‍ കണ്ടപ്പോള്‍ സാറാ തോമസിനെ വിളിച്ചുനോക്കിയെന്നും കിട്ടിയില്ലെന്നും ബന്ധുവായ അമ്മുക്കുട്ടി പറഞ്ഞു. പിന്നെയാണ് പോയത് സാറയാണെന്ന് അറിഞ്ഞതെന്ന് കണ്ണീരോടെ അവര്‍ പറഞ്ഞു. താമരശ്ശേരിയിലെ നാട്ടുകാരെ സംബന്ധിച്ചും സാറയുടെ മരണം വലിയൊരു നടുക്കമാണുണ്ടാക്കിയത്. 

"ടിവിയില്‍ കണ്ടപ്പോഴാണ് സംഭവം അറിഞ്ഞത്. മക്കളവിടെ ആയതുകൊണ്ട് ഭര്‍ത്താവ് വിളിച്ചുനോക്കാന്‍ പറഞ്ഞു. മകളവിടെ പിഎച്ച്ഡിക്ക് പഠിക്കുന്നതുകൊണ്ട് ആറ് മണിക്ക് അവള്‍ക്ക് ക്ലാസുണ്ട്. കുറച്ച് കഴിയട്ടെയെന്ന് കരുതി. പിന്നെ മകനെ വിളിച്ചു. സാറയെ വിളിച്ചിട്ട് ഫോണില്‍ കിട്ടുന്നില്ലെന്ന് അവന്‍ പറഞ്ഞു.  മമ്മി ടെന്‍ഷനടിക്കേണ്ട അന്വേഷിച്ചിട്ട് പറയാമെന്ന് അവന്‍ പറഞ്ഞു. കുറെ കഴിഞ്ഞിട്ടും അവന്‍ തിരിച്ചുവളിച്ചില്ല. എട്ടരയൊക്കെ ആയപ്പോ തിരിച്ചുവിളിച്ചുനോക്കി. അപ്പോള്‍ മകളാണ് പറഞ്ഞത് നമ്മുടെ സാറയാ പോയതെന്ന്. അവളവിടെയുണ്ടെന്നും പറഞ്ഞു. പിന്നെയാണ് മെഡിക്കല്‍ കോളേജിലാണുള്ളതെന്ന് അറിഞ്ഞത്. കൊച്ചിന്‍റെ മുഖം കണ്ടിട്ട് തിരിച്ചറിയാനായില്ലെന്ന് പറഞ്ഞു. കൂടെയുള്ളവരാണ് അത് സാറ തന്നെയാണെന്ന് പറഞ്ഞത്. ശ്വാസം മുട്ടിയിട്ടും ഒക്കെയായിരിക്കും തിരിച്ചറിയാനാവാത്ത വിധം മാറി"- സാറയുടെ ബന്ധു പറഞ്ഞു.

Latest Videos

undefined

സാറ പഠനത്തില്‍ മാത്രമല്ല ചിത്രരചനയിലൊക്കെ മിടുക്കിയായിരുന്നു. സാറയുടെ മരണം നാട്ടുകാരെ സംബന്ധിച്ചും ഓര്‍ക്കാപ്പുറത്തുണ്ടായ ദുരന്തമാണ്. സാറയുടെ അച്ഛന്‍ പാമ്പ് കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായ ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടേയുള്ളൂ. അതിനിടെയാണ് കുടുംബത്തെ നിത്യവേദനയിലാക്കി സാറയുടെ വിയോഗമുണ്ടായത്. സാറയുടെ അച്ഛനും അമ്മയും പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ഏറ്റുവാങ്ങാന്‍ കൊച്ചിയിലെത്തിയിട്ടുണ്ട്.

മഴയല്ല കുസാറ്റിലെ അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥികള്‍

കുസാറ്റിലെ സ്കൂള്‍ ഓഫ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്‍റെ ഭാഗമായി കാമ്പസിനകത്തുള്ള ആംഫി തിയേറ്ററില്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ പങ്കെടുക്കാനെത്തിയവരാണ് അപടകത്തില്‍ പെട്ടത്.  സാറ തോമസിനു പുറമെ രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റൂഫ് , കുസാറ്റിലെ വിദ്യാര്‍ത്ഥിയല്ലാത്ത പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്. 
 

click me!