പരീക്ഷാ കേന്ദ്രത്തിന്‍റെ ചുമതല ഉണ്ടായിരുന്ന പ്രൊ. പ്രിജി കുര്യൻ ഐസക്, എൻടിഎ നിരീക്ഷകന്‍ ഡോ. ഷംനാദ് എന്നിവരെ അറസ്റ്റ് ചെയ്തു.
കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ മുഖ്യപ്രതികൾ പിടിയിൽ. പരീക്ഷ കേന്ദ്രത്തിന്‍റെ ചുമതലയുള്ള അധ്യാപകനും എൻടിഎ നിയോഗിച്ച ഒബ്സര്‍വറുമാണ് അറസ്റ്റിലായത്. അടിവസ്ത്രമടക്കം പരിശോധിക്കാൻ ജീവനക്കാർക്ക് നിര്‍ദേശം നൽകിയത് ഇവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച തെളിവുകളും കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലുമാണ് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തത്. പരീക്ഷ കേന്ദ്രത്തിന്‍റെ ചുമതലയുണ്ടായിരുന്ന ആയൂർ മാര്‍ത്തോമ കോളേജിലെ അധ്യാപകൻ പ്രജി കുര്യൻ ഐസക്, ഒബ്സര്‍വറായ ഡോ. ഷംനാദ് എന്നിവരാണ് പിടിയിലായത്. നേരത്തെ പെണ്‍കുട്ടികൾ പരാതിയുന്നയിച്ചതിന് പിന്നാലെ ഇത്തരമൊരു സംഭവമേ നടന്നിട്ടില്ല എന്ന് എൻടിഎക്ക് കത്ത് നൽകിയ വ്യക്തിയാണ് പ്രജി കുര്യൻ ഐസക്.
എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പെണ്‍കുട്ടികളെ പരിശോധിച്ച മുറിക്ക് പുറത്ത് പ്രജി നിൽക്കുന്നത് കണ്ടെത്തിയിരുന്നു. കരഞ്ഞുകൊണ്ട് നിന്ന ഒരു വിദ്യാര്‍ഥിനിക്ക് ഷാൾ എത്തിച്ച് നൽകിയതും പ്രജി തന്നെ. അറസ്റ്റിലായ അധ്യാപകരാണ് പരിശോധന നടത്താൻ നിർദേശം നൽകിയതെന്ന് കഴിഞ്ഞ ദിവസം പിടിയിലായ കരാര്‍ ജീവനക്കാരും പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തിൽ കൂടുതൽ പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്നാണ് അന്വേഷണം സംഘം വ്യക്തമാക്കുന്നത്.
ഏജൻസി ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരടക്കം അഞ്ചു പേരെ നേരത്തെ പിടികൂടിയിരുന്നു. എന്നാൽ ഏജൻസിയിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം അല്ലാതെ ജീവനക്കാർ ഇത്തരമൊരു നടപടി സ്വീകരിക്കില്ല എന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. തിരുവനന്തപുരം സ്റ്റാർ ഏജൻസിയിലെ ജീവനക്കാരെയും ഏജൻസി കരാർ മറിച്ചു നൽകിയ കരുനാഗപ്പള്ളി സ്വദേശിയേയും ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. കരുനാഗപ്പള്ളി സ്വദേശിയായ അരവിന്ദാക്ഷൻ പിള്ള ആവശ്യപ്പെട്ടതനുസരിച്ചാണ് എട്ട് പേരെ ഏര്‍പ്പാടാക്കി നൽകിയതെന്ന് കരാർ ഏറ്റെടുത്ത ജോബി ജീവൻ പറഞ്ഞു. പ്രതിഫലമായി നാലായിരം രൂപയും നൽകി.