പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്ന കൃഷ്ണദാസിന്‍റെ നിലപാട് സിപിഎം നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമെന്ന അന്തരീക്ഷമുണ്ടാക്കിയെന്നും വിമർശനം
പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം എൻ എൻ കൃഷ്ണദാസ് മാധ്യമങ്ങൾക്കെതിരായി നടത്തിയ പരാമർശത്തിൽ വിമർശനം. ഇറച്ചിക്കടയുടെ മുന്നിൽ നിൽക്കുന്ന പട്ടികളെന്ന പരാമർശം മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കൾ പ്രതികരിച്ചു.
പെട്ടി വിവാദം സംബന്ധിച്ച കൃഷ്ണദാസിന്‍റെ പരാമർശത്തിനെതിരെയും വിമർശനമുയർന്നു. പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്ന നിലപാട് സിപിഎം നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമെന്ന അന്തരീക്ഷമുണ്ടാക്കി. സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നൽകിയിട്ടും കൃഷ്ണദാസ് തിരുത്താൻ തയ്യാറായില്ലെന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനമുണ്ടായി. ഉപതെരഞ്ഞെടുപ്പ് ഫലം റിപ്പോർട്ട് ചെയ്യാൻ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ എൻ എൻ കൃഷ്ണദാസിന്‍റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിനെതിരായ വിമർശനം
undefined
സരിനെ സ്ഥാനാർഥിയാക്കിയത് കൃത്യമായ രാഷ്ട്രീയ നിലപാടായിരുന്നുവെന്നും പ്രചാരണത്തിൽ പാർട്ടിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. അതിനിടെ പാർട്ടി നടപടിക്ക് വിധേയനായ പി കെ ശശിക്ക് പകരം സിഐടിയു ജില്ലാ പ്രസിഡന്‍റ്, ഹെഡ് ലോഡ് തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്‍റ് എന്നീ പദവികളിൽ പുതിയ ഭാരവാഹികളെ നിശ്ചയിച്ചു. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി എൻ മോഹനൻ സിഐടിയു ജില്ലാ പ്രസിഡന്‍റാവും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി എം ശശി ഹെഡ് ലോഡ് യൂണിയൻ ജില്ലാ പ്രസിഡന്‍റാവും. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്‍റെ പേരിൽ തരംതാഴ്ത്തൽ നടപടി നേരിട്ടതിന് പിന്നാലെ ഈ രണ്ട് പദവികളിൽ നിന്നും ശശിയെ പുറത്താക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം