തലശ്ശേരിയിൽ കുട്ടിയെ ചവിട്ടിയ സംഭവത്തിൽ റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

By Web Team  |  First Published Nov 18, 2022, 3:10 PM IST

ക്രൈംബ്രാഞ്ച് എസിപി കെ വി ബാബുവിന്‍റെ നേതൃത്വത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.


കണ്ണൂര്‍: തലശ്ശേരിയില്‍ ആറ് വയസുകാരനെ ചവിട്ടിവീഴ്ത്തിയ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ആദ്യഘട്ടത്തിൽ ലോക്കൽ പൊലീസിനടക്കം വലിയ വീഴ്ച സംഭവിച്ച കേസിൽ റെക്കോഡ് വേഗത്തിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ റിമാന്‍റില്‍ കഴിയുന്ന പ്രതി മുഹമ്മദ് ഷിഹാദിനെതിരെ നരഹത്യാശ്രമമാണ് ചുമത്തിയിട്ടുള്ളത്. കുട്ടിയാണെന്ന പരിഗണന പോലും നൽകാതെയുളള അതിക്രമമാണ് ഷിഹാദ് നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ ആകെ 20 സാക്ഷികളാണുള്ളത്. തലശ്ശേരി സി ജെ എം കോടതിയിലാണ് ക്രൈംബ്രാഞ്ച് എസിപി കെ വി ബാബു കുറ്റപത്രം സമർപിച്ചത്. സംഭവം നടന്ന് 11 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിക്കാനായത് ക്രൈംബ്രാഞ്ചിന് നേട്ടമാണ്.

ഇക്കഴിഞ്ഞ നവംബർ മൂന്നിന് വൈകിട്ടാണ് തലശ്ശേരി മണവാട്ടി ജംഗ്ഷനിൽ കാറിൽ ചാരി നിന്നെന്ന കുറ്റത്തിന് രാജസ്ഥാൻ സ്വദേശിയായ ആറ് വയസുകാരൻ ക്രൂരമായി മർദ്ദിക്കപ്പെട്ടത്. പ്രതിയായ പൊന്യം പാലം സ്വദേശി മുഹമ്മദ് ഷിഹാദ് കുട്ടിയെ മുതുകിന് ചവിട്ടി തെറിപ്പിക്കുന്ന സംഭവത്തിൻ്റെ സി സി ടി വി ദൃശ്യം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. 

Latest Videos

കേരള മനസാക്ഷിയെ ഒന്നടങ്കം ഈ ദൃശ്യങ്ങൾ ഞെട്ടിച്ചെങ്കിലും പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ രാത്രി തന്നെ വിട്ടയച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. അറസ്റ്റ് വൈകുന്നതായുള്ള മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പിന്നീട് നടപടിയെടുത്തത്. നരഹത്യാക്കുറ്റം ചുമത്തി ഷിഹാദിനെ അറസ്റ്റ് ചെയ്തു. ലോക്കൽ പൊലീസിന് വീഴ്ച പറ്റിയെന്ന ആരോപണത്തെ തുടർന്ന് നവംബർ അഞ്ചിന് തന്നെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പിന്നീട് എസ് എച്ച് ഒ അടക്കമുള്ള നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായുള്ള റിപ്പോർട്ട് റൂറൽ എസ്‍ പി എഡിജിപിക്ക് സമർപ്പിച്ചു. അതേസമയം സംഭവത്തിൽ ലോക്കൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിട്ടും ഇതുവരെ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടില്ല.

click me!