ഡിവൈഎഫ്ഐ പറക്കോട് മേഖല സെക്രട്ടറി, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന റിയാസ് റഫീക്കിന്റെ പിറന്നാളാണ് പ്രതികൾക്കൊപ്പം ആഘോഷിച്ചത്. പിറന്നാൾ ആഘോഷം വിവാദമായ സാഹചര്യത്തിലാണ് നടപടി.
പത്തനംതിട്ട: ലഹരി കേസ് പ്രതികൾക്കൊപ്പം ഡിവൈഎഫ്ഐ നേതാവ് പിറന്നാൾ ആഘോഷിച്ചത് സിപിഎം അന്വേഷിക്കും. അടൂർ ഏരിയ കമ്മിറ്റി രണ്ടംഗ കമ്മീഷനെ അന്വേഷണത്തിന് നിയോഗിക്കും. കഞ്ചാവ്-എംഡിഎംഎ കേസ് പ്രതികള്‍ക്കൊപ്പമുള്ള പിറന്നാൾ ആഘോഷം വിവാദമായ സാഹചര്യത്തിലാണ് നടപടി. ഡിവൈഎഫ്ഐ പറക്കോട് മേഖല സെക്രട്ടറി, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന റിയാസ് റഫീക്കിന്റെ പിറന്നാളാണ് പ്രതികൾക്കൊപ്പം ആഘോഷിച്ചത്.
പറക്കോട് ടൗണില്‍ വെച്ച് നടന്ന പിറന്നാള്‍ ആഘോഷത്തില്‍ എംഡിഎംഎ കേസില്‍ മുന്‍പ് പിടിയിലായ രാഹുല്‍ ആര്‍ നായര്‍, കഞ്ചാവുമായി തിരുനെല്‍വേലില്‍ പിടിയിലായ അജ്മല്‍ എന്നിവരായിരുന്നു മുന്‍ നിരയിലുണ്ടായിരുന്ന പ്രമുഖര്‍. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ കേസിലെ പ്രതിയാണ് രാഹുൽ. 100 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതിയാണ് അജ്മൽ. തിരുനെല്‍വേലി ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം, അജ്മല്‍ പങ്കെടുത്ത പ്രധാന പരിപാടിയും ഇതായിരുന്നു. പറക്കോട് മേഖലയിലെ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ആഘോഷത്തിൽ പങ്കെടുത്തു. അതേസമയം, ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ അപ്രതീക്ഷിതമായി ആരൊക്കെയോ ചിലർ ആഘോഷത്തില്‍ വന്നു ചേർന്നതാണെന്നാണ് നേതാക്കൾ വിശദീകരിക്കുന്നത്. സംഭവത്തില്‍ പൊലീസ് രഹസ്യ അന്വേഷണ വിഭാഗം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം