പഞ്ചായത്ത് ഭരണത്തെ മദ്യക്കമ്പനിക്ക് വേണ്ടി അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് വികെ ശ്രീകണ്ഠൻ ആരോപിച്ചു.
പാലക്കാട് : ബ്രൂവറിക്ക് എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതി സമ്മതമറിയിച്ചെന്നത് തെറ്റായ പ്രചരണമെന്ന് കോൺഗ്രസ് എംപി വി.കെ ശ്രീകണ്ഠൻ. പഞ്ചായത്ത് ഭരണത്തെ മദ്യക്കമ്പനിക്ക് വേണ്ടി അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് വികെ ശ്രീകണ്ഠൻ ആരോപിച്ചു.
നാളിതുവരെ പഞ്ചായത്തിൽ പ്രശ്നമുണ്ടായിരുന്നില്ല. മദ്യക്കമ്പനി സിപിഎമ്മിന്റെ പഞ്ചായത്ത് അംഗങ്ങളെ സ്വാധീനിച്ചു. പഞ്ചായത്തിൽ സിപിഎം അവിശ്വാസം കൊണ്ടുവരുന്നത് എന്തിനെന്ന് ശ്രീകണ്ഠൻ എംപി ചോദിച്ചു. 15 ഏക്കർ സ്ഥലമാണ് ഒരു വ്യക്തിക്കോ കമ്പനിക്കോ കൈയ്യിൽ വയ്ക്കാവുന്നത്. പിന്നെ എങ്ങനെ 24 ഏക്കർ സ്ഥലത്ത് ഒയാസിസ് കമ്പനി നികുതിയടച്ചു? സിപിഎം അവിശ്വാസം കൊണ്ടുവരുന്നത് കുതിരക്കച്ചവടം നടത്താനാണെന്നും ശ്രീകണ്ഠൻ എംപി ആരോപിച്ചു.
കിഫ്ബി റോഡ് ടോൾ: ഇടതുമുന്നണിയിൽ വിശദമായ ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ലെന്ന് എംവി ഗോവിന്ദൻ
കോൺഗ്രസ് ഭരണസമിതിക്കെതിരെ സിപിഎം അവിശ്വാസ പ്രമേയം
ബ്രൂവറി വിവാദം കത്തി നിൽക്കെയാണ് എലപ്പുള്ളി പഞ്ചായത്തിൽ കോൺഗ്രസ് ഭരണസമിതിക്കെതിരെ സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. ഫെബ്രുവരി 14 ന് പ്രമേയം അവതരിപ്പിക്കും. രാവിലെ പ്രസിഡന്റിനെതിരെയും വൈകീട്ട് വൈസ് പ്രസിഡന്റിനെതിരെയും അവിശ്വാസം കൊണ്ടു വരും. എലപ്പുള്ളിയിലെ സിപിഎമ്മിന്റെ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ടുനിൽക്കാനാണ് ബിജെപിയുടെ തീരുമാനം. സിപിഎമ്മിനെ പിന്തുണയ്ക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. ആകെ 22 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസ് 9 , സിപിഎം 8 , ബി ജെ പി 5 എന്നിങ്ങനെയാണ് കക്ഷിനില.